Kerala
സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി: വിസമ്മതപത്രം ഇറക്കിയ ഉത്തരവിന് സ്റ്റേ
Kerala

സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി: വിസമ്മതപത്രം ഇറക്കിയ ഉത്തരവിന് സ്റ്റേ

Web Desk
|
9 Oct 2018 8:16 AM GMT

വ്യക്തികളുടെ ആത്മാഭിമാനം പരിഗണിക്കണം. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സർക്കാർ കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി

പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിന് താത്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ആയിരം തവണ മരിക്കുന്നതാണെന്നും കോടതി പറഞ്ഞു. ലൂയി ആറാമന്റെ വാക്കുകള്‍ ഉദ്ദരിച്ചായിരുന്നു കോടതി പരാമര്‍ശം. താല്പര്യമുള്ളവരില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം വാങ്ങാമെന്നും കോടതി വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ച് നിർബന്ധിത പിരിവാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. വിസമ്മത പത്രം നല്‍കണമെന്ന ഉത്തരവിലെ പത്താം നിബന്ധനയാണ് ഹൈക്കോടതി സ്റ്റേ ചെയ്ത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇത് സംബസിച്ച ഹർജി ഒരു മാസത്തിനകം തീർപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

നിർബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിശ്ചിത തുക നൽകണം എന്ന് പറയുന്നത് അപേക്ഷ മാത്രം ആണെന്നായിരുന്നു വാദത്തിനിടെ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സർക്കാർ നടപടികളിൽ നിർബന്ധ ബുദ്ധിയുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്ന് കോടതി ചൂണ്ടികാട്ടി. വ്യക്തികളുടെ ആത്മാഭിമാനം പരിഗണിക്കണം. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സർക്കാർ കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

വിസമ്മത പത്രം നൽകിയില്ല എന്നതിന് അർഥം അവർ പണം നൽകാൻ തയ്യാറാണെന്നായിരുന്നു എ.ജിയുടെ വാദം. എന്നാല്‍ അതിനെ അങ്ങനെ കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികൾ ഉണ്ടാവരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കാര്‍ഗില്‍ യുദ്ധസമയത്ത് സമാനമായ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും എ.ജി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ അതും ഇതും ആയി താരതമ്യം ചെയ്യാൻ ആവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

Similar Posts