ശബരിമലയിലെ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി
|മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിലയ്ക്കലിലെ ബേസ് ക്യാമ്പ് ഉടന്‍ സ്ഥാപിക്കണമെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.
പെരിയാര്‍ സംരക്ഷണ മേഖലയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ശബരിമലയിലെ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശം. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിലയ്ക്കലിലെ ബേസ് ക്യാമ്പ് ഉടന്‍ സ്ഥാപിക്കണമെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.
ശബരിമലക്കായി അനുവദിച്ച വനഭൂമിയുടെ ഉപയോഗം സംബന്ധിച്ച വിശകലനത്തിനായിരുന്നു ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. അനുവദിച്ച വനഭൂമി നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ലെന്നും ഇത് പെരിയാര്‍ സംരക്ഷണ മേഖലയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും കടുവ സംരക്ഷണ അതോറിറ്റി യോഗത്തില്‍ ഉന്നയിച്ചു.
മേഖലയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് ശബരിമലയിലെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കണം. നിലയ്ക്കലില്‍ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാല്‍ കഴിയുന്ന ബേസ് ക്യാമ്പിനായി 275 എക്കര്‍ ഭൂമിയാണ് നല്‍കിയിട്ടുള്ളത്. അവിടം പാര്‍ക്കിങ്ങ് ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കടുവ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
ശബരിമല വികസനത്തിനായി അനുവദിച്ചിട്ടുള്ള വന ഭൂമി നിര്‍ദ്ദിഷ്ട ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം.