Kerala
കേരള ബാങ്ക് രൂപീകരണം: പ്രതിരോധവുമായി പ്രതിപക്ഷം രംഗത്ത്
Kerala

കേരള ബാങ്ക് രൂപീകരണം: പ്രതിരോധവുമായി പ്രതിപക്ഷം രംഗത്ത്

Web Desk
|
11 Oct 2018 10:52 AM GMT

സഹകരണ ബാങ്കിന്‍റെ നഷ്ടം നികത്താനും രാഷ്ട്രീയ മേധാവിത്വം ഉണ്ടാക്കാനുമാണ് ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കേരള ബാങ്ക് രൂപീകരണ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കേ പ്രതിരോധവുമായി പ്രതിപക്ഷം രംഗത്ത്. ജില്ലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. റിസര്‍വ് ബാങ്കിന്‍റെ നിബന്ധനകള്‍ പൂര്‍ത്തികരിച്ച് കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.

സംസ്ഥാനത്തെ 14ജില്ലാ ബാങ്കുകളിലാണ് സഹകരണ മേഖലയിലെ 80 ശതമാനത്തിലധികം നിക്ഷേപവും. 14ല്‍ 13ജില്ലാ ബാങ്കുകളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കാകട്ടെ 250 കോടി രൂപ നഷ്ടത്തിലും. സഹകരണ ബാങ്കിന്‍റെ നഷ്ടം നികത്താനും രാഷ്ട്രീയ മേധാവിത്വം ഉണ്ടാക്കാനുമാണ് ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

19 നിബന്ധനകളാണ് കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ് ബാങ്ക് മുന്നില്‍ വെച്ചിരിക്കുന്നത്. എല്ലാ ജില്ലാ ബാങ്കുകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ സഹകരണ ബാങ്കുമായുള്ള ലയനം അംഗീകരിക്കണമെന്നതാണ് ഒരു നിബന്ധന. 5 ബാങ്കുകളുടെ ഭരണം യു.ഡി.എഫിനാണെന്നിരിക്കെ ഇത് സാധ്യമാകില്ലെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. ഇതു കൂടാതെയാണ് കേരള ബാങ്ക് രൂപീകരണത്തിനെതിരായ കേസുകള്‍. ‌‌

ഹൈക്കോടതിയില്‍ കേസ് നല്‍കിയ ആള്‍ കേരള ഡിസ്റ്റ്ട്രിക്റ്റ് കോ ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് അനുകൂല സംഘടനയാണ്. അവര്‍ കേസുമായി മുന്നോട്ട് പോകുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്.

Similar Posts