പാലക്കാട് മുതലമടയില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തു
|ചുള്ളിയാര്‍ ഡാം പരിസരത്ത് മേയാന്‍ വിട്ടിരുന്ന ആടുകളെ തിരിച്ചു കൊണ്ടുവന്ന് തൊഴുത്തുകളില്‍ കെട്ടിയ ശേഷമാണ് ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ചത്തു വീണത്.
പാലക്കാട് മുതലമടയില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തു. ചുള്ളിയാര്‍ ഡാം പരിസരത്ത് മേയാന്‍ വിട്ട 13 ആടുകളാണ് ചത്തത്. രാസമാലിന്യങ്ങളോ കീടനാശിനി പ്രയോഗമോ ആണ് മരണകാരണമെന്ന് സംശയിക്കുന്നു.
വെള്ളാരംകടവ് സ്വദേശികളായ നാലുപേരുടെ ഉടമസ്ഥതയിലുള്ള 13 ആടുകളാണ് ചത്തത്. ചുള്ളിയാര്‍ ഡാം പരിസരത്ത് മേയാന്‍ വിട്ടിരുന്ന ആടുകളെ തിരിച്ചു കൊണ്ടുവന്ന് തൊഴുത്തുകളില്‍ കെട്ടിയ ശേഷമാണ് ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ചത്തു വീണത്. ഡാം പരിസരത്ത് തള്ളിയ രാസമാലിന്യങ്ങളോ മുതലമടയിലെ മാന്തോപ്പുകളിലെ കീടനാശിനി പ്രയോഗമോ ആയിരിക്കാം ആടുകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന് കരുതുന്നു.
പാലക്കാട് നിന്ന് വെറ്റിനറി സര്ജന്മാരുടെ സംഘം മുതലമടയിലേക്ക് പോയി ചത്ത ആടുകളെയും പരിസര പ്രദേശങ്ങളും പരിശോധിച്ചു. ആടുകളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നാല്‍ കാരണം വ്യക്തമാവുമെന്ന് പ്രതീക്ഷിക്കുന്നു.