ടി.എന്‍ ജോയിയുടെ ഓര്‍മകള്‍ പങ്കുവച്ച് ഒരോര്‍മ പെരുന്നാള്‍
|കൊടുങ്ങല്ലൂര്‍ ടൌണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജോയിയുടെ സുഹൃത്തുക്കളായിരുന്ന നിരവധി പേര്‍ പങ്കെടുത്തു
മുന്‍ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍ ജോയിയുടെ ഓര്‍മകള്‍ പങ്കുവെച്ച് ജോയ് ഒരോര്‍മ പെരുന്നാള്‍ എന്ന പേരില്‍ അനുസ്മരണം സമ്മേളനം നടന്നു. കൊടുങ്ങല്ലൂര്‍ ടൌണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജോയിയുടെ സുഹൃത്തുക്കളായിരുന്ന നിരവധി പേര്‍ പങ്കെടുത്തു.
അവസാന യാത്രയും പ്രതിഷേധവും നിഷേധവും കൊണ്ട് സമ്പന്നമാക്കിയ ടി.എന്‍ ജോയിയുടെ ഓര്‍മകളെ ഓര്‍ത്തെടുത്തവരെല്ലാം ആ ബഹുമുഖ വ്യക്തിത്വത്തെയാണ് വാക്കുകളിലൂടെ വരച്ചിട്ടത്. സ്വകാര്യ ജീവിതം പൊതു ജീവിതമാക്കാന്‍ ശ്രമിക്കുകയും ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ടി.എന്‍ ജോയിയെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. അടിയന്തരാവസ്ഥ നാളുകളിലെ പൊലീസിന്റെ തടവറയുംജയിലറയും ഓര്‍ത്തെടുത്താണ് കെ.വേണു ടി.എന്‍ ജോയിയെ അനുസ്മരിച്ചത്. ഒരേ സമയം ഒരുപാട് സ്ഥലത്ത് ജീവിച്ച വ്യക്തിയായിരുന്നു ജോയിയെന്ന് പ്രൊഫസര്‍ ബി.രാജീവന്‍ പറഞ്ഞു. ജോയി ജീവിതത്തിലൂടെ ബോധ്യപ്പെടുത്തുകയും നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്ത കാര്യങ്ങള്‍ തുടരുകയെന്ന ദൌത്യമാണ് കാലവും ജോയിയുടെ വിയോഗവും ആവശ്യപ്പെടുന്നതെന്ന് പ്രൊഫസര്‍ കെ. ഇ.എന്‍ കുഞ്ഞമ്മദ് പറഞ്ഞു.