ഇപ്പോഴും വന്യജീവി സങ്കേതത്തിന് അകത്തുതന്നെ കഴിയുന്ന 35 കുടുംബങ്ങള്‍
|ജനങ്ങളുടെ സുരക്ഷയും, കാടിന്റെ ആവാസ വ്യവസ്ഥയും, വന്യമൃഗങ്ങളുടെ സൈര്യവിഹാരവും പരിഗണിച്ചാണ് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം 4 വര്‍ഷം മുമ്പ് അനുവദിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍..
വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ താമസിക്കുന്ന കുടുംബങ്ങളെ ഇതുവരെ വനംവകുപ്പ് മാറ്റി പാര്‍പ്പിച്ചില്ല. പുനരധിവാസത്തിനുള്ള ഫണ്ട് പാസായിട്ടും ഇപ്പോഴും വന്യജീവി സങ്കേതത്തിന് അകത്തുതന്നെയാണ് 35 കുടുംബങ്ങള്‍ താമസിക്കുന്നത്. രൂക്ഷമായ വന്യജീവി ആക്രമണമാണ് ഇവിടെ താമസിക്കുന്നവര്‍ അനുഭവിക്കുന്നത്. ഫണ്ട് പാസായിട്ടും പുനരധിവാസം നടത്താത്ത വനംവകുപ്പിനെതിരെ സമരവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ താമസിക്കുന്നവരെ കേന്ദ്രസര്‍ക്കാറിന്റെ സ്വയം പുനരധിവാസ പദ്ധതി പ്രകാരമാണ് മാറ്റിപാര്‍പ്പിക്കേണ്ടത്. നേരത്തെ ബത്തേരി റെയിഞ്ചില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിരുന്നു. തോല്‍പ്പട്ടി ഫോറസ്റ്റ് റെയിഞ്ചില്‍പെട്ട ഈശ്വരന്‍കൊല്ലി, നരിമുണ്ട കൊല്ലി എന്നിവിടങ്ങളിലെ ആളുകളാണ് ഇപ്പോഴും വന്യമൃഗശല്യം സഹിച്ച് വനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ താമസിക്കുന്നത്. 35 കുടുംബങ്ങളാണ് ഈ ഭാഗത്ത് ഉള്ളത്.
ജനങ്ങളുടെ സുരക്ഷയും, കാടിന്റെ ആവാസ വ്യവസ്ഥയും, വന്യമൃഗങ്ങളുടെ സൈര്യവിഹാരവും പരിഗണിച്ചാണ് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം 4 വര്‍ഷം മുമ്പ് അനുവദിച്ചത്. എന്നാല്‍ ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വനം വകുപ്പ് ഇതുവരെ തയ്യാറായില്ല. തുടര്‍ന്നാണ് ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് ഉപരോധിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്.
ഈ മാസം 16 ന് കലക്ട്രേറ്റില്‍ ചേരുന്ന യോഗത്തിനുശേഷം പുനരധിവാസം നടപ്പാക്കുമെന്ന് ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് വൈല്‍ഡ് ലൈഫ് വാര്ഡന് ഉറപ്പുനല്കിയതിനാല് സമരം അവസാനിച്ചു. ഡി.എഫ്.ഒ ഓഫീസ് പരിസരത്ത് കുടില്‍കെട്ടി സമരം നടത്താന്‍ തയ്യാറായാണ് സ്ത്രീകള്‍ ഉള്‍പ്പടെ സമരത്തിനെത്തിയത്. പുനരധിവാസം ഉടന്‍ നടപ്പിലാക്കിയിലെങ്കില്‍ സമരം ശക്തമാക്കാനാണ് ഈ കുടുംബങ്ങളുടെ തീരുമാനം.