Kerala
മാലമോഷണം ആരോപിച്ച് ജയിലിലിട്ട പ്രവാസിയുടെ മേല്‍ 2 തെളിയാക്കേസുകള്‍ കൂടി കെട്ടിവെച്ച് പൊലീസ്
Kerala

മാലമോഷണം ആരോപിച്ച് ജയിലിലിട്ട പ്രവാസിയുടെ മേല്‍ 2 തെളിയാക്കേസുകള്‍ കൂടി കെട്ടിവെച്ച് പൊലീസ്

Web Desk
|
13 Oct 2018 4:39 AM GMT

തൊണ്ടിമുതലോ വാഹനമോ കണ്ടെടുക്കാതെയാണ് പൊലീസ് താജുദ്ദീനെ പ്രതിയാക്കി വാര്‍ത്ത നല്‍കിയതെന്നോര്‍ക്കണം. തീര്‍ന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് വന്ന ഒരു വാര്‍ത്ത കൂടി കാണിക്കാം.

ചക്കരക്കല്ലില്‍ മാലമോഷണം ആരോപിച്ച് ജയിലിലിട്ട പ്രവാസിയുടെ മേല്‍ പൊലീസ് രണ്ട് തെളിയാക്കേസുകള്‍ കൂടി കെട്ടിവെക്കാന്‍ ശ്രമിച്ചതായി ആരോപണം. കോഴിക്കോട് എടച്ചേരിയില്‍ നടന്ന മറ്റൊരു മാലമോഷണക്കേസിലും താജുദ്ദീനാണ് പ്രതിയെന്ന് കാട്ടി പൊലീസ് മാധ്യമങ്ങള്‍ക്ക് ഫോട്ടോ സഹിതം വാര്‍ത്ത നല്‍കി. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായം കൊണ്ടാണ് താജുദ്ദീന്‍ ഈ കേസില്‍ നിന്നും രക്ഷപ്പെട്ടത്.

ചക്കരക്കല്ലില്‍ മാലമോഷണം ആരോപിച്ച് പ്രവാസി മലയാളിയായ താജുദ്ദീനെ കസ്റ്റഡയിലെടുത്തതിന് ശേഷം ചക്കരക്കല്ല് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയാണിത്. തൊണ്ടിമുതലോ വാഹനമോ കണ്ടെടുക്കാതെയാണ് പൊലീസ് താജുദ്ദീനെ പ്രതിയാക്കി വാര്‍ത്ത നല്‍കിയതെന്നോര്‍ക്കണം.

ചക്കരക്കലില്‍ വെച്ച് മാല പൊട്ടിച്ച താജുദ്ദീന്‍ അടുത്ത ദിവസം മുപ്പത് കിലോമീറ്റര്‍ അകലെ എടച്ചേരിയില്‍ വെച്ച് സ്കൂള്‍ ടീച്ചറുടെയും മാലപൊട്ടിച്ചുവെന്നാണ് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്ത. എന്നാല്‍ ഈ സമയം താജുദ്ദീന്‍ തലശ്ശേരിയിലെ ഐ.ഡി.ബി.ഐ ബാങ്കിലായിരുന്നുവെന്നതിനുള്ള സി.സി.ടി.വി തെളിവുകള്‍ കുടുംബം ഹാജരാക്കിയതോടെ ഈ കേസില്‍ നിന്ന് പൊലീസ് ഒഴിഞ്ഞുമാറി.

ഇതിനിടയില്‍ അഞ്ച് വര്‍ഷം മുമ്പ് തലശ്ശേരിയില്‍ ഒരു ജ്വല്ലറി മുതലാളിയെ കുത്തിക്കൊന്ന കേസിലും താജുദ്ദീനെ പ്രതിയാക്കാന്‍ ശ്രമിച്ചു. കൊല്ലപ്പെട്ടയാളുടെ ബന്ധുവിന് താജുദ്ദീനെ പരിചയമുള്ളത് കൊണ്ട് ഭാഗ്യത്തിന് താജുദ്ദീന്‍ രക്ഷപ്പെട്ടു.

നേരത്തെ പറഞ്ഞ രണ്ട് മാല പൊട്ടിക്കല്‍ കേസുകളിലും ഒരു തുമ്പും കിട്ടാതെയാണ് താജുദ്ദീനെ പ്രതിയാക്കി ഫോട്ടോ സഹിതം പൊലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തത്. താജുദ്ദീന്‍ പറയുന്നത് പോലെ അദ്ദേഹം നിരപരാധിയാണെങ്കില്‍ കുടുംബമായിക്കഴിയുന്ന ആ മനുഷ്യന്‍റെ മാനത്തിന് പൊലീസിട്ട വിലയെന്താണ്. മറുപടി നല്‍കേണ്ടത് നിയമനീതിന്യായ സംവിധാനമാണ്.

Similar Posts