ഉരുള്‍പൊട്ടല്‍: ആദിവാസി കുടുംബങ്ങള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് പരാതി
|ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പ്രദേശത്തെ മിക്ക കുടുംബങ്ങളുടെ അക്കൌണ്ടിലേക്കും എത്തിയിട്ടും ഈ ആദിവാസി കുടുംബങ്ങള്‍ മാത്രം തഴയപ്പെട്ടതിന്‍റെ കാരണം വ്യക്തമല്ല.
മലപ്പുറത്ത് ഉരുള്‍പൊട്ടലിന്‍റെ ഇരകളായി കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് പരാതി. കരുവാരക്കുണ്ട് പുറ്റള ആദിവാസി കോളനിയില്‍ ദുരിതജീവിതം നയിക്കുന്ന 5 കുടുംബങ്ങളാണ് സഹായം ലഭിക്കാതെ കഴിയുന്നത്.
മലപ്പുറത്തിന്‍റെ മലയോര മേഖലയായ കരുവാരക്കുണ്ടില്‍ 2 മാസം മുമ്പുണ്ടായ ഉരുള്‍ പൊട്ടലിന്‍റെ ഇരകളാണ് ഈ ആദിവാസി കുടുംബങ്ങള്‍. പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവര്‍ രണ്ടാഴ്ചയിലധികം പുനരധിവാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നവരാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാഥമിക ധനസഹായം പോലും ഇവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കരുവാരക്കുണ്ട് പുറ്റളയിലെ 5 ആദിവാസി കുടുംബങ്ങളാണ് ഇങ്ങനെ കൈക്കുഞ്ഞുങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പ്രദേശത്തെ മിക്ക കുടുംബങ്ങളുടെ അക്കൌണ്ടിലേക്കും എത്തിയിട്ടും ഈ ആദിവാസി കുടുംബങ്ങള്‍ മാത്രം തഴയപ്പെട്ടതിന്‍റെ കാരണം വ്യക്തമല്ല. പുറ്റളയ്ക്കു പുറമെ കല്‍ക്കുണ്ട് ചേരി തുടങ്ങിയ പ്രദേശങ്ങളിലും നിരവധി കുടുംബങ്ങള്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തവരായി കഴിയുന്നുണ്ട്.