Kerala
പ്രളയം;ധനസമാഹരണത്തിനായുള്ള വിദേശയാത്രക്ക് മുഖ്യമന്ത്രിക്ക് മാത്രം അനുമതി
Kerala

പ്രളയം;ധനസമാഹരണത്തിനായുള്ള വിദേശയാത്രക്ക് മുഖ്യമന്ത്രിക്ക് മാത്രം അനുമതി

Web Desk
|
13 Oct 2018 8:21 AM GMT

നിബന്ധനകളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുമതി നല്‍കിയത്. വ്യാഴാഴ്ചയാണ് മന്ത്രിമാരുടെ യാത്ര തീരുമാനിച്ചത്. ബുധനാഴ്ചക്കുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും.

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശരാജ്യങ്ങളിലേക്ക് മന്ത്രിമാര്‍ നടത്താനിരുന്ന യാത്ര പ്രതിസന്ധിയില്‍. നിബന്ധനകളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചിരിക്കുന്നത്. ബുധനാഴ്ചക്കുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര തടസപ്പെടും.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളില്‍ നിന്നും ധനസമാഹാരണത്തിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം വിദേശ യാത്ര നടത്താന്‍ തീരുമാനിച്ചത്. രണ്ടാഴ്ച മുമ്പാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ഇതുവരെ കര്‍ശന ഉപാധികളോടെ യാത്രാനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ല, ഔദ്യോഗികമായി സഹായം സ്വീകരിക്കരുത് തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍. മന്ത്രിമാര്‍ക്ക് നയതന്ത്രാനുമതിയും വിസയും ലഭിച്ചിട്ടില്ല. ബുധനാഴ്ചയാണ് മുഖ്യമന്ത്രി യു.എ.യിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് പതിനേഴ് മന്ത്രിമാരും യാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. ബുധനാഴ്ചക്കുള്ളില്‍ നയതന്ത്രാനുമതിയും വിസയും ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര മുടങ്ങും.

Similar Posts