കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ സ്വദേശി പിടിയില്‍
|മുംബൈക്കടുത്ത് വിരാറിൽ നിന്നാണ് ഒന്യോച്ചിയെ പിടികൂടിയത്. മഞ്ചേരി സ്വദേശിയായ മരുന്ന് കട ഉടമ സാമ്പത്തിക തട്ടിപ്പിന് ഇരയായ സംഭവത്തിലാണ് അറസ്റ്റ്.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ വിദേശി പിടിയില്‍. നൈജീരിയന്‍ സ്വദേശി ഇദുമേ ചാൾസ് ഒന്യോച്ചിയാണ് മഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഒരു വര്‍ഷത്തിനിടെ ഇരുപത് കോടി രൂപ ഈ സംഘം തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം.
മുംബൈക്കടുത്ത് വിരാറിൽ നിന്നാണ് ഒന്യോച്ചിയെ പിടികൂടിയത്. മഞ്ചേരി സ്വദേശിയായ മരുന്ന് കട ഉടമ സാമ്പത്തിക തട്ടിപ്പിന് ഇരയായ സംഭവത്തിലാണ് അറസ്റ്റ്. കേസില്‍ നാല് പേരെ ഒരു മാസം മുന്പ് പിടികൂടിയിരുന്നു. പ്രമുഖ കമ്പനികളുടേതെന്ന വ്യാജേന ഓണ്‍ലൈനിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. സാധനങ്ങള്‍ക്ക് വലിയ വിലക്കുറവ് വെബ്സൈറ്റില്‍ വാഗ്ദാനം ചെയ്യും. ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പകുതി തുക ബാങ്ക് അക്കൗണ്ടുകള്‍ വഴി മുന്‍കൂറായി വാങ്ങും. എന്നാല്‍ സാധനങ്ങള്‍ അയക്കുകയുമില്ല. വ്യാജ രേഖകള്‍ ഉപയോഗിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളായതിനാല്‍ പ്രതികളെ പിടികൂടാനും കഴിഞ്ഞിരുന്നില്ല. ഉപഭോക്താവെന്ന നിലയില്‍ വെബ്സൈറ്റില്‍ സാധനം ബുക്ക് ചെയ്താണ് തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്.