പി.കെ ദാസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍
|അടിസ്ഥാന സൌകര്യങ്ങളിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് പി.കെ ദാസ് മെഡിക്കല്‍ കോളജിലെ പ്രവേശനം സുപ്രിംകോടതി സ്റ്റേ ചെയ്തത്.
ഭാവി അനിശ്ചിതത്വത്തില്‍ ആയതിന്‍റെ ആശങ്കയിലാണ് സുപ്രിംകോടതി പ്രവേശനം സ്റ്റേ ചെയ്ത പി.കെ ദാസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
അടിസ്ഥാന സൌകര്യങ്ങളിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് പി.കെ ദാസ് മെഡിക്കല്‍ കോളജിലെ പ്രവേശനം സുപ്രിംകോടതി സ്റ്റേ ചെയ്തത്. കേസില്‍ വിധി പറയാതെ കോടതി അവധിയിലേക്ക് പോയതോടെ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ വഴിയാധാരമായി. സര്‍ക്കാര്‍ മെരിറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നേടിയവരാണ് വിദ്യാര്‍ഥികള്‍. കേസിന്‍റെ ഭാവി സംബന്ധിച്ചും വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആരോഗ്യമന്ത്രിയെ കണ്ട് കേസില്‍ വിധി പെട്ടെന്നാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലും നിവേദനം നല്‍കി. സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്താനായി എം.പിമാരെയും എം.എല്‍.എമാരെയും ഇവര്‍ സമീപിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ അനുകൂലമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും.