എ.ടി.എം കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
|എ.ടി.എമ്മുകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് നിലവിലുള്ള ഏക തുമ്പ്. ഇതര സംസ്ഥാങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എടിഎം കവര്‍ച്ചാ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ പൊലീസിന്റെ ഉന്നതതലയോഗം കൊച്ചിയില്‍ ചേര്‍ന്നു. മോഷണക്കേസിലെ അന്വേഷണത്തിലെ ഏകോപനമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
എ.ടി.എമ്മിലെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ മൂന്ന് പേരാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ചാലക്കുടിയില്‍ നിന്ന് ലഭിച്ച സി.സി.ടി.വിയില്‍ കണ്ട ഏഴ് പേര് മോഷണസംഘത്തില്പ്പെട്ടവരല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുമ്പനത്തെയും കൊരട്ടിയിലെയും കവര്‍ച്ചയില്‍ സാമ്യമുളളതിനാല്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഏകോപിപ്പിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് പറഞ്ഞു.
നിലവില്‍ ഇരു ജില്ലകളിലെയും പൊലീസ് ഒറ്റക്കും കൂട്ടായും അന്വേഷണം നടത്തുന്നുണ്ട്. എ.ടി.എമ്മുകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് നിലവില്‍ പോലീസിന് മുന്നിലുള്ള ഏക തുമ്പ്. ഇതര സംസ്ഥാങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി.പി ഷംസ്, ചാലക്കുടി, ചങ്ങനാശേരി ഡി.വൈ.എസ്.പിമാരും യോഗത്തില്‍ പങ്കെടുത്തു.