Kerala
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം; ആശങ്കയെന്ന് കന്യാസ്ത്രീകള്‍
Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം; ആശങ്കയെന്ന് കന്യാസ്ത്രീകള്‍

Web Desk
|
15 Oct 2018 9:25 AM GMT

കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കണം.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും വരെ ജാമ്യ വ്യവസ്ഥകള്‍ പാലിക്കണം.

കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ശനിയാഴ്ചകളില്‍ ഹാജരാകണം. ഇതിനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുംവരെ ജാമ്യ വ്യവസ്ഥകള്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. പാസ്പോര്‍ട്ട് മജിസ്ടേറ്റ് കോടതിയില്‍ നല്‍കണം. രണ്ട് ആള്‍ ജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും സാക്ഷിമൊഴികള്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളില്‍ ഏഴ് പേരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നായിരുന്നു ബിഷപ്പിന്റെ ആദ്യ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതില്‍ അഞ്ച് സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയെന്നും ഈ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോ മുളക്കല്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. സമരം ചെയ്ത കന്യാസ്ത്രീകളുടെ ജീവന് ഭീഷണിയുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സിസ്റ്റര്‍ അനുപമ കോട്ടയത്ത് പറഞ്ഞു.

Similar Posts