ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ ഒന്നാം പ്രതിയെയും വെറുതെവിട്ടു
|സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്
ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ ഒന്നാം പ്രതി വി.വി ഹംസയെയും ഹൈക്കോടതി വെറുതെവിട്ടു. നേരത്തെ കേസിലെ എട്ട് പ്രതികളെ സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. മൗലവി മരിച്ചുവെന്നത് അനുമാനം മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഹംസയുടെ മേല്‍ ചുമത്തിയത്. വിചാരണ കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ മൗലവി മരിച്ചുവെന്നത് അനുമാനം മാത്രമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പ്രതിയെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഒന്‍പത് പ്രതികളുണ്ടായിരുന്നുവെങ്കിലും ഹംസയെ മാത്രമാണ് കീഴ്കോടതി ശിക്ഷിച്ചത്. കേസന്വേഷണത്തിനിടെ മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ ഹംസയെ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് ഹംസയെ ശിക്ഷിക്കാനുള്ള കാരണമായി കീഴ്കോടതി കണ്ടെത്തിയത്.
1993 ജൂലൈ 29നാണ് ചേകന്നൂര്‍ മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. എന്നാല്‍, കേസ് ഒടുവില്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 2003ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.