‘റഫാല്‍ സമാന അഴിമതിയാണ് ബ്രൂവറി’ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
|പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കാനെന്ന പേരില്‍ മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നതിനെ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ഡി.സി.സികളുടെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. കേന്ദ്ര സര്‍ക്കാറിന്റെ റഫാല്‍ ഇടപാടിന് സമാനമായ അഴിമതിയാണ് ബ്രൂവറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് യു.ഡി.എഫ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, റഫാല്‍ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരിക, ബ്രൂവറി അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ലൈംഗിക ആരോപണം ഉയര്‍ന്ന പി.കെ ശശിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് ധര്‍ണ്ണ. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തി.
പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കാനെന്ന പേരില്‍ മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നതിനെ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. കൊച്ചിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകടനത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയത്. പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് യുഡിഎഫ് തീരുമാനം.