റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി വിവരാവകാശ അപേക്ഷ പിന്‍വലിപ്പിച്ചു
|ഡി.ജി.പി നിയമിച്ച ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ മാറ്റി നിയമിച്ച ക്രൈം റിക്കോര്‍ഡ് ബ്യൂറോ മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നടപടിയും സംശയത്തിന്‍റെ നിഴലിലാണ്.
റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി വിവരാവകാശ അപേക്ഷ പിന്‍വലിപ്പിച്ചു. സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ നടപടി ഡിവൈ.എസ്.പിയാണ് കണ്ടെത്തിയത്. സംഭവം കണ്ടെത്തിയ ഡി.വൈ.എസ്.പിയെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് മാറ്റി. ക്രൈം റിക്കോര്‍ഡ് ബ്യൂറോ മേധാവി ടോമിന്‍ ജെ തച്ചങ്കരിയടക്കം സംശയ നിഴലിലായ നടപടിയുടെ രേഖകള്‍ മീഡിയവണിന്.
തിരുവനന്തപുരം നന്ദിയോട് സ്വദേശിയും റിട്ടയേര്‍ഡ് എസ് ഐ യുമായ എസ് ശ്രീകുമാരന്‍ സെപ്റ്റംബര്‍ 7 നാണ് വിവരാവകാശ അപേക്ഷ നല്‍കുന്നത്. ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലെ ജൂനിയര്‍ സൂപ്രണ്ടായ എന്‍ സനല്‍കുമാര്‍ നടത്തിയ വിദേശയാത്രകള്‍, പ്രളയ കാലത്ത് ബീക്കണ്‍ലൈറ്റുള്ള വാഹനം ഉപയോഗിച്ച് നടത്തിയ ചെങ്ങന്നൂര്‍ യാത്ര എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസറായ മാനേജര്‍, അപേക്ഷ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഡിവൈ.എസ്പി എസ് അനില്‍കുമാറിന് കൈമാറി.
എന്നാല്‍ സെപ്റ്റംബര്‍ 12ന് വിവരാവകാശ അപേക്ഷ പിന്‍വലിച്ചുകൊണ്ടുള്ള ശ്രീകുമാരന്റെ കത്താണ് ഡി.വൈ.എസ്.പിക്ക് കിട്ടുന്നത്. ഇതില്‍ അസ്വാഭാവികത തോന്നിയ ഡിവൈഎസ്പി നടത്തിയ പരിശോധനയിലാണ് ഭീഷണിപ്പെടുത്തി അപേക്ഷ പിന്‍വലിപ്പിച്ചതായി കണ്ടെത്തിയത്. ജൂനിയര്‍ സൂപ്രണ്ട് സനല്‍കുമാറും സിറ്റി ട്രാഫിക്കിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാറും ചേര്‍ന്ന് പിന്‍വലിക്കല്‍ അപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നാണ് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പിന്‍വലിക്കല്‍ അപേക്ഷ ജൂനിയര്‍ സൂപ്രണ്ട് തന്നെ ഓഫീസിലെത്തിച്ചു.
ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിവൈഎസ്പിയെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ആരോപണ വിധേയനായ ജൂനിയര്‍ സൂപ്രണ്ടിനെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസറായും സംശയത്തിന്‍റെ നിഴലിലുള്ള മാനേജറെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും നിയമിച്ചു. ഡി.ജി.പി നിയമിച്ച ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ മാറ്റി നിയമിച്ച ക്രൈം റിക്കോര്‍ഡ് ബ്യൂറോ മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നടപടിയും സംശയത്തിന്‍റെ നിഴലിലാണ്.