സമസ്തയുടെ ലീഗ് വിമര്‍ശനത്തില്‍ കോണ്‍ഗ്രസിന് ആശങ്ക
|പാര്ലമെന്റില് ഇബ്രാഹിം സുലൈന്‍മാന്‍ സേഠിനെയും ബനാത് വാലയെയും പോലെ പ്രവര്‍ത്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയെ വേദിയില്‍ ഇരുത്തിയാണ് കോഴിക്കോട്ടെ ശരീഅത്ത് സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ പ്രസംഗിച്ചത്.
മുത്വലാഖ് ഓര്‍ഡിനന്‍സ്, ബാലനീതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‍ലിം ലീഗ് ഫലപ്രദമായി ഇടപെട്ടില്ലെന്ന സമസ്തയുടെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുക്കുന്നു. 13 ന് കോഴിക്കോട്ട് നടന്ന സമസ്തയുടെ ശരീഅത്ത് സമ്മേളനത്തില്‍ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി വിമര്‍ശിച്ചിരുന്നു.
എക്കാലത്തും ലീഗിനൊപ്പം നിന്ന സമസ്തയുടെ വിമര്‍ശനം കോണ്‍ഗ്രസിന്‍റെ സംസ്ഥാന - ദേശീയ നേതൃത്വങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സമസ്തയുടെ വിമര്‍ശനത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ചു. മുസ്‍ലിം ലീഗിന് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ സമസ്തയുമായി ഉള്ളൂ എന്ന സന്ദേശമാണ് കുഞ്ഞാലിക്കുട്ടി ചെന്നിത്തലക്ക് നല്‍കിയത്.
എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നീ നേതാക്കള്‍ ഈ വിഷയത്തില്‍ ആശയവിനിമയം നടത്തി. കേരളത്തിലെ ഏറ്റവും വലിയ മുസ്‍ലിം മത സംഘടനയായ സമസ്തയുടെ വിമര്‍ശനം യു.ഡി.എഫിനോടുള്ള അതൃപ്തിയായി തന്നെ കാണണമെന്ന നിലപാട് എ.കെ ആന്‍റണിക്കുണ്ട്.
മലബാറിലെ ചില കോണ്‍ഗ്രസ് നേതാക്കളുമായും എ.കെ ആന്‍റണി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം. മുസ്‍ലിംലീഗിനെ മാത്രം ആശ്രയിക്കാതെ സമസ്തയുമായി ആശയവിനിമയം നടത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഇപ്പോള്‍ ശക്തമാണ്. ജിഫ്രി തങ്ങളുടെ പ്രസംഗത്തിന്‍റെ ടേപ്പ് അഹ്‍മദ് പട്ടേലിന്‍റെ ഓഫീസ് ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ വിഷയത്തില്‍ ഇടപെടണമെന്നാണ് അഹ്‍മദ് പട്ടേലിന്‍റെ നിലപാട്. ജിഫ്രി തങ്ങളുടെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്‍ലിം ലീഗ് നേതൃത്വവും കൂടിയാലോചനകള്‍ നടത്തി.
സമസ്തക്ക് ശക്തമായ മറുപടി നല്‍കണമെന്ന അഭിപ്രായമാണ് ഒരു യുവ എം.എല്‍.എ നേതൃത്വത്തോട് അറിയിച്ചത്. എന്നാല്‍ സമസ്തയുടെ വിമര്‍ശനം പോസിറ്റീവായി കണ്ട് പാര്‍ടി കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് ഇ.ടി മുഹമ്മദ് ബഷീറിനും കെ.പി.എ മജീദിനുമുള്ളത്. സമസ്തയുടെ അതൃപ്തി കോണ്‍ഗ്രസ് ഗൗരവമായി എടുത്തത് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കി എന്ന വികാരം മുസ്‍ലിം ലീഗിലുണ്ട്.
അനാഥാലയങ്ങളുടെ നടത്തിപ്പില്‍ പ്രതിസന്ധിയുണ്ടാക്കിയ ബാലനീതി നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയപ്പോള്‍ മുസ്ലിം ലീഗ് എംപിമാര്‍ ഇടപെട്ടില്ല എന്ന വിമര്‍ശനം സമസ്തക്കുണ്ട്. ജെജെ ആക്ടിനെതിരെ സമസ്ത സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്. ഒപ്പം മുത്വലാഖ് ഓര്‍ഡിനന്‍സിനെതിരെ സമസ്ത സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ലീഗ് പിന്തുണ നല്‍കിയില്ലെന്ന വിമര്‍ശനവുമുണ്ട്. ഈ വികാരമാണ് കോഴിക്കോട്ടെ ശരീഅത്ത് സമ്മേളനത്തില്‍ ജിഫ്രി തങ്ങളുടെ പരസ്യവിമര്‍ശനത്തിലേക്ക് നയിച്ചത്.