Kerala
കുടുംബശ്രീക്ക് കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൌണ്ടറുകള്‍ കൈമാറാനുള്ള ഉത്തരവ് മരവിപ്പിച്ചു
Kerala

കുടുംബശ്രീക്ക് കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൌണ്ടറുകള്‍ കൈമാറാനുള്ള ഉത്തരവ് മരവിപ്പിച്ചു

Web Desk
|
16 Oct 2018 8:04 AM GMT

അഞ്ച് ജില്ലകളില്‍ സമരക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ ധാരണയായത്

കെ.എസ്.ആര്‍.ടി.സിയിലെ റിസര്‍വേഷന്‍ കൌണ്ടറുകളുടെ പ്രവര്‍ത്തനം കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍താല്‍കാലികമായി മരവിപ്പിച്ചു.കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് തീരുമാനം.ജീവനക്കാര്‍ പലയിടത്തും മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു.

രാവിലെ 6 മണി മുതല്‍ മിക്ക ഡിപ്പോകളിലും റിസര്‍വേഷന്‍ കൌണ്ടര്‍ ഉപരോധിച്ചുള്ള സമരം ആരംഭിച്ചു.തിരുവനന്തപുരത്ത് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് മിന്നല്‍ പണിമുടക്ക് നടത്തി. കോഴിക്കോട്,കൊച്ചി,കണ്ണൂര്‍ തുടങ്ങി മുഴുവന്‍ ജില്ലകളിലെ യാത്രക്കാരെയും സമരം ബാധിച്ചു. മിക്ക ഡിപ്പോകളിലും സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.

സമരം ശക്തമായതോടെ ഗതാഗത മന്ത്രിയും കെ.എസ്.ആര്‍.ടി.സി എം.ഡിയും ജീവനക്കാരുമായി ചര്‍ച്ച നടത്തി.തുടര്‍ന്ന് ഉത്തരവ് താല്‍കാലികമായി മരവിപ്പിക്കാമെന്ന് മന്ത്രി തൊഴിലാളി സംഘടന നേതാകള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സി.ഐ.ടി.യു,എ.ഐ.ടി.യു.സി,ഐ.എന്‍.റ്റി.യു.സി ,ഡ്രൈവേഴ്സ് യൂണിയന്‍ എന്നിവരാണ് സമരം നടത്തിയത്.

Related Tags :
Similar Posts