സംസ്ഥാന പുനര്‍നിര്‍മ്മാണം: മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചു
|സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയും 16 മന്ത്രിമാരും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്.
സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനുള്ള മന്ത്രിമാരുടെ വിദേശയാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിനെ കേന്ദ്രം ഇക്കാര്യം അറിയിച്ചു. ഫണ്ട് കണ്ടെത്താനുള്ള മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം നാളെ ആരംഭിക്കും.
സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയും 16 മന്ത്രിമാരും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രമായിരിന്നു ഇതുവരെ അനുമതി ലഭിച്ചിരുന്നത്. മന്ത്രിമാരുടെ അനുമതി വൈകിയതോടെ യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസ് വിദേശകാര്യ സെക്രട്ടറിക്ക് ഇന്നലെ കത്തയക്കുകയും ചെയ്തിരിന്നു. ഇത് കൂടി പരിഗണിച്ച് മന്ത്രിമാരുടെ കാര്യത്തില്‍ അനുമതി കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷയെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല.
16 മന്ത്രിമാരുടേയും യാത്രക്കുള്ള അപേക്ഷ കേന്ദ്രം നിരസിച്ചു. ചീഫ്സെക്രട്ടറിയെ രാത്രിയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമല്ല. മലയാളികള്‍ ഉള്ള വിദേശ രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിച്ച പുനര്‍നിര്‍മ്മാണത്തിന് വേണ്ടി നല്ല തുക കണ്ടെത്താമെന്ന സര്‍ക്കാര്‍ പ്രതീക്ഷക്കാണ് ഇതോടെ തിരിച്ചടി ഏറ്റത്. 17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.