Kerala
പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട്; മുഖ്യമന്ത്രി യു.എ.ഇയിലെത്തി
Kerala

പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട്; മുഖ്യമന്ത്രി യു.എ.ഇയിലെത്തി

Web Desk
|
17 Oct 2018 7:59 AM GMT

ഇന്ന് മുതല്‍ നാല് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ. ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും.

പ്രളയദുരിതാശ്വസത്തില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. ഇന്ന് മുതല്‍ നാല് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ. ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും.

അബൂദബിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ പര്യടനം ആരംഭിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അബൂദബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും വ്യവസായ പ്രമുഖരായ എം.എ യൂസഫലി, ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാത്രി വരെ അദ്ദേഹം അബൂദബി ദൂസിത്താനി ഹോട്ടലില്‍ വിശ്രമത്തിലായിരിക്കും. രാത്രി ഏഴരക്ക് ബിസിനസ് കൂട്ടായ്മയായ ഐപിബിജി ഒരുക്കുന്ന അത്താഴവിരുന്നില്‍ ബിസിനസ് പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ രാത്രി ഏഴിന് അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലാണ് ആദ്യ പൊതുസമ്മേളനം. യു.എ.ഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

16 മന്ത്രിമാര്‍ക്കും യാത്രക്ക് വിമാന ടിക്കറ്റു വരെ എടുത്തിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ സെക്രട്ടറിക്ക് വീണ്ടും കത്തയച്ചെങ്കിലും അനുമതിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Similar Posts