സ്കൂൾ പാഠപുസ്തക പരിഷ്കരണ നീക്കത്തിനെതിരെ വിമർശനം ശക്തം
|ഒഴിവാക്കുന്ന പാഠങ്ങൾക്ക് പകരമായി ഇടത് അനുകൂല ലേഖനങ്ങളും മറ്റും ഉൾപ്പെടുത്തുന്നതായി പരാതിയുണ്ട്.
സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണ നീക്കത്തിനെതിരെ വിമർശം ശക്തം. പത്താം ക്ലാസിലെ ഗാന്ധിയെക്കുറിച്ചുള്ള കഥയും ഒമ്പതാം ക്ലാസിലെ നെഹ്റുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയതായി പരാതി. സുതാര്യമല്ലാത്ത പാഠപുസ്തക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
പത്താം ക്ലാസിലെ മലയാള പുസ്തകമായ കേരളപാഠാവലിയിലെ അമ്മ എന്ന പാഠമാണ് ഒഴിവാക്കുന്നതിൽ പ്രധാനം. വൈക്കം മുഹമ്മദ് ബഷീർ മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി എഴുതിയ കഥയാണ് ഇത്. ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഈ ഭാഗം ഒഴിവാക്കുന്നത് ബോധപൂർവമാണെന്ന് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
ജവഹർലാൽ നെഹ്റുവിന്റെ സാഹിത്യ ജീവിതത്തെ കുറിച്ചുള്ള ഒമ്പതാം ക്ലാസിലെ ഭാഗവും ഒഴിവാക്കാൻ തീരുമാനിച്ചതില്‍ പെടുന്നു. ഒഴിവാക്കുന്ന പല പാഠഭാഗങ്ങളെ സംബന്ധിച്ചും അവ്യക്തത നിലനിൽക്കുന്നതായും പ്രതിപക്ഷ സംഘടനകൾ പരാതിപ്പെടുന്നു. ഒഴിവാക്കുന്ന പാഠങ്ങൾക്ക് പകരമായി ഇടത് അനുകൂല ലേഖനങ്ങളും മറ്റും ഉൾപ്പെടുത്തുന്നതായി പരാതിയുണ്ട്.
ഇന്നലെ നടന്ന കരിക്കുലം സബ് കമ്മിറ്റി യോഗത്തിലാണ് പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ചർച്ചയ്ക്ക് വെച്ചത്. നടപടികൾ സുതാര്യമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനാ നേതാക്കൾ കമ്മിറ്റി യോഗം ബഹിഷ്കരിച്ചിരുന്നു. 1,5,9,10 എന്നീ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. ഭാഷാ പുസ്തകങ്ങളും കണക്ക്, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവ ഉൾപ്പെടെ 62 പാഠപുസ്തകങ്ങളാണ് മാറ്റം വരുത്തുന്നത്.
23ന് നടക്കുന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പാഠപുസ്തക പരിഷ്കാരത്തിന് അംഗീകാരം നൽകുമെന്നാണ് ലഭിക്കുന്ന സൂചന. പാഠപുസ്തക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ സമരരംഗത്തിറങ്ങാൻ ഉള്ള സാധ്യതയുമുണ്ട്.