Kerala
മലകയറ്റം, തിരിച്ചിറക്കം; അഞ്ച് മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ ശബരിമല 
Kerala

മലകയറ്റം, തിരിച്ചിറക്കം; അഞ്ച് മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ ശബരിമല 

Web Desk
|
19 Oct 2018 2:02 PM GMT

ഇന്നലെ രാത്രി തന്നെ പൊലീസിനെ വിവരമറിയിച്ചാണ് കവിതയും ര‍ഹന ഫാത്തിമയും മലകയറാന്‍ തീരുമാനിച്ചത്

ആദ്യന്തം നാടകീയ രംഗങ്ങള്‍ക്കാണ് ശബരിമല ഇന്ന് സാക്ഷ്യം വഹിച്ചത്. അഞ്ച് മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയിലായിരുന്നു ശബരിമല. യുവതികളുടെ മലകയറ്റവും ആചാരം ലംഘിച്ചാല്‍ പൂജ നിര്‍ത്തുമെന്ന തന്ത്രിയുടെ പ്രഖ്യാപനവും ആശങ്ക വര്‍ധിപ്പിച്ചു.

ഇന്നലെ രാത്രി തന്നെ പൊലീസിനെ വിവരമറിയിച്ചാണ് കവിതയും ര‍ഹന ഫാത്തിമയും മലകയറാന്‍ തീരുമാനിച്ചത്. രാവിലെ ആറേ മുക്കാലോടെ ഭര്‍ത്താവ് മനോജ് ശ്രീധനരനൊപ്പം രഹന ഫാത്തിമയും വാര്‍ത്താ സംഘവുമായി കവിതയും പമ്പയില്‍ എത്തി. അകമ്പടിയായി വന്‍ പോലീസ് പടയുമെത്തി. സന്നിധാനത്തേക്കുള്ള വഴികളിലാകെ ആശങ്കയും അനിശ്ചിതത്വവും. രണ്ട് ദിവസം വ്യാപക അക്രമം അഴിച്ചുവിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വീണ്ടും തടയാനെത്തുമെന്ന അഭ്യൂഹവും പരന്നു. എന്നാല്‍ സന്നിധാനത്തേക്കുള്ള വഴികളിലൊന്നും ഒരു പ്രതിഷേധവുമുണ്ടായില്ല.

രണ്ട് മണിക്കൂറോളം നടന്ന് യുവതികള്‍ നടപ്പന്തലില്‍ എത്തുമ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരുന്നു. അവിടെ വിശ്വാസികളുടെ കടുത്ത പ്രതിഷേധം. പ്രതിഷേധക്കാരും യുവതികളും പിന്മാറാന്‍ തയാറാകാതായതോടെ ആശങ്ക കനത്തു. പതിനെട്ടാംപടിക്ക് താഴെ പരികര്‍മികളും പ്രതിഷേധം തുടങ്ങി. ഇതിനിടെ ഐ.ജി ശ്രീജിതിന് മന്ത്രി കടകംപള്ളിയുടെ ഫോണ്‍ സന്ദേശം. അപ്പോഴേക്കും യുവതികളെ വനംവകുപ്പിന്റെ ഐബിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് വീണ്ടും ചര്‍ച്ച. പുറത്തിറങ്ങിയ ശേഷം യുവതികളെ തിരിച്ചിറക്കുമെന്ന് ഐ.ജിയുടെ ഉറപ്പ്.

പിന്നെ തിരിച്ചിറക്കം. ‌ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രഹന ഫാത്തിമയെ ശബരിമലയിലേക്ക് കൊണ്ടുപോയത് ഗൂഡാലോചനയാണെന്ന പ്രചാരണം ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി. രഹനക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നു. എന്നാല്‍ താന്‍ വിശ്വാസി തന്നെയാണെന്ന വിശദീകരണവുമായി രഹന രംഗത്തെത്തി.

12 മണിയോടെ യുവതികള്‍ പമ്പയില്‍ തിരിച്ചെത്തുമ്പോള്‍ മലകയറണമെന്ന ആവശ്യവുമായി മറ്റൊരു സ്ത്രീ അവിടെയെത്തി. മേരി സ്വീറ്റി. ഇവരെ പൊലീസ് തന്നെ തിരിച്ചയച്ചു.

Similar Posts