ശബരിമലയില്‍ കലാപത്തിന് ശ്രമം; കോടതി വിധിയില്‍ എതിര്‍പ്പുള്ളവര്‍ കോടതിയെ തന്നെ സമീപിക്കണമെന്ന് കോടിയേരി
|മഹാരാഷ്ട്രയിലെ സമാന വിധിക്കെതിരെ ഇരു പാര്‍ട്ടികളും സമരം ചെയ്യുന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം ഇടത് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയല്ലെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധിയില്‍ എതിര്‍പ്പുള്ളവര്‍ കോടതിയെ തന്നെ സമീപിക്കേണ്ടതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും നിയമപരമായ വഴികള്‍ തേടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും സമരം ചെയ്യുന്നത്. കരുതിക്കൂട്ടി കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം. മഹാരാഷ്ട്രയിലെ സമാന വിധിക്കെതിരെ ഇരു പാര്‍ട്ടികളും സമരം ചെയ്യുന്നില്ല. പൊലീസിനെതിരായ വര്‍ഗീയ പ്രചാരണം നിയമവാഴ്ച അട്ടിമറിക്കാനാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം ഇടത് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയല്ലെന്നും കോടിയേരി വ്യക്തമാക്കി.
ആക്റ്റിവിസ്റ്റുകള്‍ മല കയറരുതെന്ന നിലപാട് സി.പി.എമ്മിനില്ല. ആക്റ്റിവിസ്റ്റ് എന്ന പേരില്‍ ഒരാളെയും ശബരിമലയില്‍ തടയരുത്. അതേസമയം സംഘര്‍ഷമുണ്ടാക്കുന്നവരെ അനുവദിക്കരുതെന്നാണ് നിലപാടെന്നും കോടിയേരി വ്യക്തമാക്കി.
റിവ്യു ഹരജിയുടെ പേരില്‍ വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നു. സമാന സന്ദര്‍ഭങ്ങളില്‍ നേരത്തെ കോടതി റിവ്യു ഹരജി പരിഗണിച്ചിട്ടില്ല. സര്‍ക്കാര്‍ റിവ്യു ഹരജി നല്‍കിയാല്‍ അത് സുപ്രീംകോടതിയെ പരിഹസിക്കലാവും. ദേവസ്വം ബോര്‍ഡിന് പ്രത്യേകമായ നിര്‍ദേശം നല്‍കിയിട്ടില്ല. റിവ്യു ഹരജി നല്‍കാനാകുമോയെന്ന് ദേവസ്വം ബോര്‍ഡ് പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.