വിദ്യാരംഭ ദിവസം തന്നെ അയ്യപ്പനെ കാണണം: മേരി സ്വീറ്റിയെയും തിരിച്ചയച്ച് പ്രതിഷേധക്കാര്‍
|മേരി സ്വീറ്റി ശബരിമല സന്ദര്‍ശനത്തിന് എത്തിയ വിവരം അറിഞ്ഞ് ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
ശബരിമല പ്രവേശനത്തിന് രണ്ട് യുവതികള്‍ എത്തിയതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിനു മുന്‍പ് പ്രായപരിധി കഴിയാത്ത മറ്റൊരു സ്ത്രീ കൂടി ഇന്ന് ശബരിമല കയറാനെത്തി. കഴക്കൂട്ടം സ്വദേശിയും ഗള്‍ഫ് പ്രവാസിയുമായ മേരി സ്വീറ്റി എന്ന സ്ത്രീയാണ് സ്വാമി അയ്യപ്പന് റോഡ് വരെ എത്തിയത്. ഇവരുടെ സാന്നിധ്യം അറിഞ്ഞ പോലീസ് സുരക്ഷാപ്രശ്നമുണ്ടെന്ന് അറിയിക്കുകയും താല്പര്യമുണ്ടെങ്കില് പോകാമെന്നും അറിയിച്ചു. ഭക്തര്‍ ശരണം വിളി തുടങ്ങിയതോടെ പോലീസ് ഇവരെ പമ്പയിലേക്ക് മടക്കി കൊണ്ടുപോകുകയായിരുന്നു.
മേരി സ്വീറ്റി ശബരിമല സന്ദര്‍ശനത്തിന് എത്തിയ വിവരം അറിഞ്ഞ് അവരുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കഴക്കൂട്ടത്തെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
താനും അയ്യപ്പന്റെ ഭക്തയാണെന്നും 46 വയസ്സ് പിന്നിട്ടയാളാണെന്നും മേരി സ്വീറ്റി പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ ദര്‍ശനം നടത്തും. തന്നിലുള്ള ബാഹ്യശക്തിയാണ് ഇവിടെ എത്തിച്ചത്. വിദ്യാരംഭ ദിവസമായ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിലും പരമാവധി മല കയറുമെന്നും അവര്‍ പറഞ്ഞു.
ഇരുമുടികെട്ട് ഇല്ലാതെ എത്തിയ മേരി ട്വീറ്റിയെ മല ഇറങ്ങിവന്ന ഭക്തരും പ്രതിഷേധക്കാരും ചോദ്യം ചെയ്തു. എന്നാല്‍ ഇരുമുടിക്കെട്ടുമായി മല കയറാന്‍ ബുദ്ധിമുട്ടുണ്ടെന്നും താനും ഭക്ത തന്നെയാണെന്നും അവര്‍ പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്നീട് അവര്‍ പോലീസിനൊപ്പം പമ്പയിലേക്ക് മടങ്ങിയത്.