Kerala
ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരം വെണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം   
Kerala

ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരം വെണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം   

Web Desk
|
19 Oct 2018 2:50 AM GMT

ശബരിമല വിഷയത്തില്‍ തീവ്രവും കൊടിപിടിച്ചുള്ളതുമായ സമരം വേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കള്‍ പ്രകോപനപരമായ സമര രീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ നിര്‍ദേശിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വിശ്വാസികള്‍ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന നിലപാട് അറിയിച്ച നേതാക്കള്‍ സംസ്ഥാനത്ത് പ്രത്യക്ഷത്തില്‍ സമരം ഏറ്റെടുത്ത ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നു എന്ന ആശങ്കയും രാഹുലിനെ അറിയിച്ചു. എന്നാല്‍ തീവ്രവും കൊടിപിടിച്ചുള്ളതുമായ സമരം വേണ്ടെന്ന നിലപാടായിരുന്നു രാഹുലിന്. തീവ്ര സമരത്തിലേക്ക് നീങ്ങുന്നത് കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണെന്നും ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന തീരുമാനം നേരത്തെ എടുത്തതിനാല്‍ ഹൈക്കമാന്റ് അനുവാദം തേടിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എ.കെ ആന്റണിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ എ.കെ ആന്റണിയും കെ.സി വേണുഗോപാലും രാഹുലിനെ കണ്ട് നിലവിലെ സാഹചര്യം അറിയിച്ചിരുന്നു.

Similar Posts