Kerala
കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിചയാക്കി ശബരിമലയില്‍  സി.പി.എം പ്രതിരോധം
Kerala

കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിചയാക്കി ശബരിമലയില്‍ സി.പി.എം പ്രതിരോധം

Web Desk
|
20 Oct 2018 9:26 AM GMT

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് സി.പി.എം

കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിചയാക്കി ശബരിമലയില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ത്ത് സി.പി.എം. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് സി.പി.എം. ശബരിമലയില്‍ നിയമപരമായ പരിഹാരമേ സാധ്യമാവൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ മറവില്‍ വിശ്വാസികള്‍ക്ക് നേരെ കടന്നുകയറുന്നുവെന്നാണ് ബി.ജെ.പി ആരോപണം. എന്നാല്‍ വിധി നടപ്പിലാക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ കത്ത് മുന്‍നിര്‍ത്തി ബി.ജെ.പി സമരത്തിന്റെ സാധുത ചോദ്യം ചെയ്യുകയാണ് സി.പി.എം. വിധി നടപ്പാക്കേണ്ടതില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പറയട്ടെ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ശബരിമലയില്‍ നിയമപരമായ പരിഹാരമേ സാധ്യമാവൂവെന്ന് പറഞ്ഞുവെക്കുന്നതു വഴി ഉത്തരവാദിത്തം കേന്ദ്രത്തിന് മേല്‍ ചാരുകയും ചെയ്യുന്നു

അതേസമയം കേന്ദ്രത്തിന്റെ കത്ത് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്നാണ് ബി.ജെ.പിയുടെ മറുപടി. സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടികള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടെന്ന് കേന്ദ്രം അയച്ച കത്ത് വ്യക്തമാക്കുന്നതായി ഇന്നലെ മുഖ്യമന്ത്രി ഫേസ് ബുക്കിലും വ്യക്തമാക്കിയിരുന്നു.

Similar Posts