ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസ്
|ടീം സോളാര്‍ ഉടമയായ യുവതിയുടെ പരാതിയിലാണ് കേസ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. ടീം സോളാര്‍ ഉടമയായ യുവതിയുടെ പരാതിയിലാണ് കേസ്. കോൺഗ്രസ് പ്രവർത്തക സമിതിയംഗവും എം പിയുമായ കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. സോളാർ കമ്മീഷൻ ശുപാർശകള്‍ക്ക് പിന്നാലെയായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗ പരാതിയിൽ യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ ലൈഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവനായ എ.ഡി.ജി.പി അനിൽ കാന്തിന് ഒരാഴ്ച മുൻപ് നൽകിയത്. ഈ പരാതികളിൽ വൈകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിക്കും കെ. സി വേണുഗോപാലിനുമെതിരായ കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഐ.ജി ദിനേന്ദ്രകശ്യപ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും മൊഴി രേഖപ്പെടുത്തും. ടീം സോളാര്‍ ഉടമയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസ് നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരായ കേസ് നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാനും പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ആരുടെ നിയമോപദേശം തേടിയാണ് കേസെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേസെടുക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചതാണ്. ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കമെന്നും ബെന്നി ബെഹനാന് മീഡിയവണിനോട് പറഞ്ഞു.
നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, അടൂർ പ്രകാശ്, എ.പി അനിൽകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസിൽ നൽകുമെന്നാണ് വിവരം. ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുൻ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽ കുമാർ, അടൂർ പ്രകാശ് തുടങ്ങിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കം പാളി. എന്നാൽ പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചു. ഇതോടെയാണ് യുവതി ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിച്ചത്.