Kerala
യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഇപ്പോള്‍ നടത്തുന്നതെന്തിന്?
Kerala

യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഇപ്പോള്‍ നടത്തുന്നതെന്തിന്?

Web Desk
|
21 Oct 2018 3:34 AM GMT

തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണെങ്കില്‍ പിന്നെ എന്തിന് ഇപ്പോള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നു എന്നാണ് സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പ്രവര്‍ത്തകരും ചോദിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങിയതില്‍ എതിര്‍പ്പ് ശക്തം. ഗ്രൂപ്പ് പോര് വര്‍ധിക്കുമെന്നതിനാല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് സംഘടനയിലെ അഭിപ്രായം. നേതൃത്വം തെരഞ്ഞെടുക്കാതെ ഇപ്പോള്‍ കാമ്പയിന്‍ നടത്തുന്നത് ചിലരെ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചെന്നും ആരോപണമുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി ആറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുനഃസംഘടന തീരുമാനിച്ചെങ്കിലും ഗ്രൂപ്പ് പോര് ശക്തമാക്കുമെന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടിലായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വും എം പിമാരും. എന്നാല്‍ ഇതിനിടിയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിനുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എത്തി.

മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്താം. നേതൃത്വത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ശേഷം തെരഞ്ഞെടുക്കാം എന്നതാണ് ഫോര്‍മുല. തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണെങ്കില്‍ പിന്നെ എന്തിന് ഇപ്പോള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നു എന്നാണ് സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പ്രവര്‍ത്തകരും ചോദിക്കുന്നത്. അടുത്ത വര്‍ഷം മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തിയാല്‍ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് പ്രായപരിധി കഴിയുമെന്നതിനാലാണ് ഇങ്ങനെയെന്ന വിമര്‍ശം ഉയരുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഡ്ഹോക് കമ്മറ്റി വെക്കാമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം വെക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്‍റെ സാന്നിധ്യത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്നലെ ഔദ്യോഗിക തുടക്കം കുറിച്ചു. 15 രൂപയില്‍ നിന്ന് 75 ആക്കി മെമ്പര്‍ഷിപ്പ് ഫീസും കൂട്ടി. നാലു മെമ്പര്‍മാരെ ചേര്‍ത്താല്‍ ഒരാള്‍ക്ക് ഇഫക്ടീവ് മെമ്പറാകാം. ഇഫക്ടീവ് മെമ്പര്‍ക്കാണ് വോട്ടിങും മത്സരിക്കാനുള്ള അവകാശവും. എ, ഐ ഗ്രൂപ്പുകള്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നലെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

Similar Posts