ഒടുവില്‍ കോണ്‍ഗ്രസ് വിലയിരുത്തി, ശബരിമലയില്‍ നിലപാട് വ്യക്തതയോടെ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല
|ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ എതിര്‍പ്പുള്ള വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളാനാണ് കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിച്ചത്.
ശബരിമല സ്ത്രീ പ്രവേശനത്തിലെ പാര്‍ട്ടി നിലപാട് വ്യക്തതയോടെ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനിറങ്ങിയ ബി.ജെ.പി നേട്ടമുണ്ടാക്കി. കൂടുതല്‍ പ്രചരണ പരിപാടികളിലൂടെ പാര്‍ട്ടി നിലപാട് ജനങ്ങളിലേക്കെത്തിക്കാനും ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.
ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ എതിര്‍പ്പുള്ള വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളാനാണ് കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിച്ചത്. വിശ്വാസികളുടെ എതിര്‍പ്പ് നിലനില്‍ക്കെ സമവായ നീക്കങ്ങള്‍ക്ക് നില്‍ക്കാതെ ധൃതി പിടിച്ച് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. കോടതി വിധിക്കും സര്‍ക്കാര്‍ നിലപാടിനും എതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയ ബി.ജെ.പിയും സംഘര്‍ഷത്തിന് ആക്കം കൂട്ടി. ഇതിനിടയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് തന്നെയാണ് ശരി. എന്നാല്‍ ഈ നിലപാട് വ്യക്തതയോടെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
കോണ്‍ഗ്രസ് നിലപാടനെ ബി.ജെ.പിയുടെ നിലപാടിനോട് തുലനം ചെയ്ത് സി.പി.എം നടപടിയും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. പ്രത്യക്ഷ സമരരംഗത്തുണ്ടായിരുന്ന ബി.ജെ.പി വിശ്വാസികളുടെ പ്രതിഷേധത്തെ ഹൈജാക്ക് ചെയ്ത് നേട്ടമുണ്ടാക്കിയെന്നും രാഷ്ട്രീകാര്യ സമിതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് ജനങ്ങളിലെത്താന്‍ ഉതകുന്ന രീതിയിലുള്ള പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. പദയാത്രകള്‍ പൊതുസമ്മേളനങ്ങള്‍ എന്നിവ പ്രാദേശിക തലങ്ങളില്‍ നടത്തി പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയും സി.പി.എമ്മന്റെയും ബി.ജെ.പിയുടെയും കള്ളക്കളികള്‍ തുറന്നുകാട്ടാനും തീരുമാനിച്ചു. യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് പുറമെ പാര്‍ട്ടി തലത്തില്‍ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.