വയനാട് നടവയലില്‍ കാട്ടാന ശല്യം രൂക്ഷം
|കാട്ടാനയിറങ്ങുന്നതിനാല്‍, വൈകുന്നേരമാവുന്നതോടെ പ്രദേശത്തെ റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
വയനാട് നടവയല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി. കാട്ടാനകളെ ഭയന്ന് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത്.
വയനാട് നടവയല്‍, നെയ്ക്കുപ്പ, പേരൂര്‍, ചീങ്ങോട്, കായക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. വൈകുന്നേരം ആവുന്നതോടെ നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിച്ചതിന് ശേഷമാണ് തിരിച്ച് കാടു കയറുന്നത്. നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വാഴയും, കവുങ്ങും, തെങ്ങും ഉള്‍പ്പെടെയുള്ളവ വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍.
കാട്ടാനയിറങ്ങുന്നതിനാല്‍ വൈകുന്നേരമാവുന്നതോടെ പ്രദേശത്തെ റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതേ സമയം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് സ്ഥാപിച്ച വൈദ്യുത വേലിയും കിടങ്ങുകളും തകര്‍ന്നതാണ് കാട്ടാന ശല്യം രൂക്ഷമാവാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.