Kerala
സാഗരക്ക് ‘ആപ്പ്’
Kerala

സാഗരക്ക് ‘ആപ്പ്’

Web Desk
|
22 Oct 2018 6:07 AM GMT

സംസ്ഥാനത്തിതുവരെ സാഗര മൊബൈല്‍ ആപില്‍ രജിസ്റ്റര്‍ ചെയ്ത് ഒ.ടി.പി ജനറേറ്റ് ചെയ്ത് പ്രവര്‍ത്തന സജ്ജമായത് 3250 ബോട്ടുകള്‍ ആണ്. 

കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സാഗര മൊബൈല്‍ ആപില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ ബോട്ടുടമകള്‍ക്ക് വിമുഖത. പദ്ദതി നിലവില്‍ വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും വളരെ കുറച്ച് ബോട്ടുടമകള്‍ മാത്രമേ സാഗര ആപ്പില്‍‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സാഗര ആപ് വഴിയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതോടെ ബോട്ടുടമകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തിതുവരെ സാഗര മൊബൈല്‍ ആപില്‍ രജിസ്റ്റര്‍ ചെയ്ത് ഒ.ടി.പി ജനറേറ്റ് ചെയ്ത് പ്രവര്‍ത്തന സജ്ജമായത് 3250 ബോട്ടുകള്‍ ആണ്. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളടക്കം 25000 ത്തോളം മത്സ്യബന്ധനയാനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് കാണാതായവരുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമായി ചേര്‍ന്ന് മൊബൈല്‍ ആപ് തയ്യാറാക്കിയത്. സാഗര ആപില്‍ ബോട്ടുടമയുടെ പേരും നമ്പറും രജിസ്റ്റര്‍ ചെയ്യണം. അതിനൊപ്പം കടലില്‍ പോകുന്ന മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ ബോട്ടുടമ ഈ ആപിലൂടെ അറിയിക്കണം. തിരിച്ചെത്തുന്ന വിവരവും രേഖപ്പെടുത്തണം. ഇതിന് പുറമെ മത്സ്യതൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറാനും സാഗര വഴി കഴിയും.

എന്നാല്‍ എല്ലായിടത്തും ഉടമകള്‍ കാണിക്കുന്ന വിമുഖത മൂലം സാഗര ആപ് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ആന്‍ഡ്രോയ്ഡ് ഫോണിലാണ് ആപ് ഡൌണ്‍ലോഡ് ചെയ്യേണ്ടത്. സാഗര ആപിനായി ടാബുകള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. ഇതും എവിടെയും എത്തിയിട്ടില്ല. സാഗര ആപിനെ കുറിച്ച് ബോധവത്കരണം നടത്താന്‍ എല്ലാ ജില്ലകളിലും ഫെസിലിറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് സാഗര ആപ് വഴിയാക്കുന്നതോടെ മുഴുവന്‍ മത്സ്യബന്ധനയാനങ്ങളും സാഗര ആപില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

Similar Posts