Kerala
പതിനൊന്ന് വയസുകാരന് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു
Kerala

പതിനൊന്ന് വയസുകാരന് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു

Web Desk
|
23 Oct 2018 2:53 AM GMT

പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

കൊച്ചി പടമുകളിൽ പതിനൊന്ന് വയസുകാരന് അമ്മയുടെ പങ്കാളിയിൽ നിന്നും മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. അമ്മയുടെ പങ്കാളിയായ ഡോ.ആദർശിനെതിരെയാണ് കേസ്. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വീട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടിയെ നാട്ടുകാർ ചൈൽഡ് ലൈനിൽ ഏൽപ്പിക്കുകയായിരുന്നു.

ദേഹമാസകലം മർദ്ദനമേറ്റ പാടുകളോടെ കുട്ടി പടമുകൾ സ്വദേശി അനീഷിന്റെ വീട്ടിലേക്ക് കഴിഞ്ഞ രാത്രിയാണ് ഓടിക്കയറിയത്. തന്നെ ചിലർ പിന്തുടരുന്നുണ്ടെന്നും രക്ഷിക്കണമെന്നും അപേക്ഷിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് മർദ്ദന വിവരം വെളിപ്പെടുന്നത്.

കുട്ടിയെ ശാരീരികമായി മർദ്ദിച്ചതിന് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കുട്ടിയുടെ അമ്മയുടെ പങ്കാളിയായ ഡോ.ആദർശിനെതിരെ കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിലാണ്. അമ്മ ആശയും മർദ്ദനത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഏഴ് മാസം ഗർഭിണിയായതിനാലും നാല് വയസുള്ള മകൾ ഇവരുടെ സംരക്ഷണത്തിലായത് കൊണ്ടും ഇവരെ പ്രതിയാക്കിയേക്കില്ല. ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ കുട്ടിയെ ആലുവയിലെ എസ്.ഒ.എസ് വില്ലേജിൽ ഏൽപിച്ചു.

കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ആശ വിവാഹമോചിതയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ.ആദർശിനൊപ്പമാണ് ഇവരുടെ താമസം. കുട്ടിയെ ഏറ്റെടുക്കാൻ താല്പര്യമില്ലെന്നാണ് ഇവർ ചൈൽഡ് ലൈനിനെ അറിയിച്ചിരിക്കുന്നത്. കുട്ടിക്ക് മാനസികാസാസ്ഥ്യമുണ്ടെന്നും സ്വയം പരിക്കേൽപ്പിക്കുകയാണെന്നുമാണ് അമ്മയുടെ വാദം.

Related Tags :
Similar Posts