Kerala
നെയ്യാറ്റിന്‍കരയില്‍ കോടിക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പ്
Kerala

നെയ്യാറ്റിന്‍കരയില്‍ കോടിക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പ്

Web Desk
|
23 Oct 2018 11:57 AM GMT

ഒരു ലക്ഷം മുതല്‍ അറുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട ആളുകളാണ് പരാതിയുമായെത്തിയത്. വി.ആര്‍.എസ് ചിട്ടിയുടമയെ പൊലീസ് പിടികൂടി.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിര്‍മല്‍ കൃഷ്ണ മോഡല്‍ ചിട്ടിതട്ടിപ്പ്. വി.ആര്‍.എസ് ചിട്ടിയുടമ നെല്ലിമൂട് സ്വദേശി രവീന്ദ്രനെ പൊലീസ് പിടികൂടി. സ്വര്‍ണ്ണപണയത്തിന്റെ പേരില്‍ 16 കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

അമിതപലിശ വാഗ്ദാനം ചെയ്താണ് നെല്ലിമൂട് സ്വദേശി രവീന്ദ്രന്‍ തട്ടിപ്പ് നടത്തിയത്. 30 വര്‍ഷം മുന്‍പ് ആരംഭിച്ച വി.ആര്‍.എസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം മുതല്‍ അറുപത് ലക്ഷം രൂപവരെ നഷ്ടപ്പെട്ട ആളുകളാണ് പരാതിയുമായെത്തിയത്.

ഒരു ലക്ഷം രൂപക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മാസ പലിശ വാഗ്ദാനം നല്‍കിയിരുന്നു. പണം ഡിപ്പോസിറ്റ് നല്‍കുന്നവര്‍ക്ക് മാസം തോറും പലിശ നല്‍കിയാണ് കൂടുതല്‍ നിക്ഷേപകരെ ഇയാള്‍ കണ്ടെത്തിയിരുന്നത്. 2017 സെപ്തംബര്‍ വരെ കൃത്യമായി പലിശ നല്‍കിയിരുന്നു. അതിന് ശേഷം പലിശ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതിയുമായെത്തിയത്.

സ്വര്‍ണം പണയം വെച്ച ആളുകള്‍ പണം നല്‍കിയെങ്കിലും പണയ സ്വര്‍ണം നല്‍കാതെ 40 പേരെയും ഇയാള്‍ കബളിപ്പിച്ചു. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചേക്കുമെന്നും പൊലീസ് പറഞ്ഞു.

Similar Posts