Kerala
പി. കെ ശശിയെ കാൽനട പ്രചരണജാഥയിൽ ക്യാപ്റ്റനാക്കുന്നതില്‍ സി.പി.എമ്മില്‍ എതിര്‍പ്പ്
Kerala

പി. കെ ശശിയെ കാൽനട പ്രചരണജാഥയിൽ ക്യാപ്റ്റനാക്കുന്നതില്‍ സി.പി.എമ്മില്‍ എതിര്‍പ്പ്

Web Desk
|
23 Oct 2018 4:38 AM GMT

ശശി ജാഥ നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചില അംഗങ്ങള്‍ ‍വിമര്‍ശനമുന്നയിച്ചു

കാൽനട പ്രചരണജാഥയിൽ പി.കെ ശശി ജാഥാ ക്യാപ്റ്റനാവുന്നതിൽ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗത്തിന് അതൃപ്തി. ശശി ജാഥ നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചില അംഗങ്ങള്‍ ‍വിമര്‍ശനമുന്നയിച്ചു. ഷൊർണൂരിൽ ഇന്ന് നടക്കുന്ന പാർട്ടി യോഗങ്ങളിൽ ശശി പങ്കെടുക്കും.

അടുത്തമാസം 21 നാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ സി.പി.എമ്മിന്റെ കാൽനട പ്രചരണജാഥ. ഷൊർണൂരിൽ ജാഥ നയിക്കേണ്ടത് സ്ഥലം എം.എൽ.എ ആയ പി.കെ ശശിയാണെന്ന് നേരത്തെ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ചേർന്ന പാലക്കാട്ടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ ഒരു വിഭാഗം അംഗങ്ങൾ അതൃപ്തി അറിയിച്ചത്. അഞ്ചോ ആറോ ജില്ലാക്കമ്മിറ്റി അംഗങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതെന്നതും ശ്രദ്ധേയമാണ്. പരാതിയിൽ തീരുമാനമുണ്ടാവാതെ പാർട്ടി വേദിയിൽ ശശി സജീവമാകുന്നത് ശരിയല്ലെന്നാണ് ഈ വിഭാഗം നേതാക്കാൾ പറഞ്ഞത്.

ഈ സാഹചര്യത്തിൽ ശശി ജാഥ നയിച്ചാൽ പ്രതിഛായക്ക് കോട്ടം ത‍ട്ടുമെന്നും ആരോപണ വിധേയനെ മാറ്റി നിർത്തിക്കൂടേയെന്നും ചോദ്യമുയർന്നു. ശശി കൂടി പങ്കെടുത്ത യോഗത്തിൽ പാലക്കാടിന്റെ സംഘടനാ ചുമതലയുളള സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇത്തരം കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കാനാവില്ലെന്നും പിന്നീട് ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നുമായിരുന്നു മറുപടി.

സി.പി.ഐയിൽ നിന്ന് സി.പി.എമ്മിലേക്ക് വരുന്ന പ്രവർത്തകർക്ക് മണ്ണാർക്കാട് അടുത്തയാഴ്ച നൽകുന്ന സ്വീകരണത്തിൽ ശശിയും അന്വേഷണ കമ്മീഷൻ അംഗം എ.കെ ബാലനും പങ്കെടുക്കുന്നുണ്ട്. ആരോപണവിധേയനും അന്വേഷണ കമ്മീഷൻ അംഗവും വേദി പങ്കിടുന്നതിനെതിരെ ചില നേതാക്കളും പ്രവർത്തകരും അമർഷമറിയിച്ചിട്ടുണ്ട്. ശശിക്കെതിരെ പേരിന് മാത്രം നടപടിയെന്നതിലേക്ക് സി.പി.എം എത്തുന്നതിന്റെ സൂചനയാണിതെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.

നേരത്തെ, പൊതുപരിപാടികളിൽ നിന്നുൾപ്പെടെ വിട്ടുനിന്ന പി.കെ ശശി എം.എൽ.എയെ, എ.കെ ബാലൻ ഇടപെട്ടാണ് പാർട്ടി വേദികളിലുൾപ്പെടെ സജീവമാക്കിയതെന്നും ആരോപണമുയർന്നിട്ടുണ്ട്.

Related Tags :
Similar Posts