Kerala
ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നാലു യുവതികള്‍ കോടതിയില്‍
Kerala

ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നാലു യുവതികള്‍ കോടതിയില്‍

Web Desk
|
24 Oct 2018 1:20 AM GMT

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ശബരിമലയിലുണ്ടായ വിഷയങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തും

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.കെ മായ, എസ്. രേഖ, ജലജ മോൾ, ജയമോൾ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

കോടതി വിധി നടപ്പാക്കാൻ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സർക്കാറിന്റെ നിർദേശം ലഭിച്ചിട്ടും സംസ്ഥാന സർക്കാർ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിട്ടുള്ളത്. സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നിവേദനം നൽകിയിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തിൽ ഭക്തരായ സ്ത്രീകൾക്ക് ശബരിമല സന്ദർശിക്കാനും പ്രാർഥന നടത്താനും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

കേന്ദ്ര, സംസ്ഥാന സർക്കാറുകളും പൊലീസ് മേധാവികളും തിരുവിതാംകൂർ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ കലക്ടറും ഭക്തകൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാൻ കോടതി ഉത്തരവിടണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും.

രഹ്ന ഫാത്തിമയ്ക്ക് സംരക്ഷണം ഒരുക്കിയതില്‍ ഗൂഡാലോചനയുണ്ടെന്നും ഐജിമാരായ മനോജ് എബ്രാഹാമിനും ശ്രീജിത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഇരു ഹരജികളും ഹൈക്കോടിയുടെ ദേവസ്വം ബഞ്ചിലാണ് പരിഗണനയ്ക്കെത്തുക.

അതിനിടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി അനില്‍ കാന്ത് ഐ.ജി മനോജ് എബ്രഹാം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ പൊലീസ് മേധാവികളെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളും തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

ദേവസ്വം ബോർഡ് യോഗവും ഇന്ന് ചേരുന്നുണ്ട്. ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളാണ് പ്രധാന അജണ്ട. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചക്ക് വന്നേക്കും. സുപ്രീം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. രാവിലെ 10.30 ന് തിരുവനന്തപുരത്താണ് യോഗം.

Similar Posts