ഉത്സവകാലത്ത് സന്നിധാനത്ത് 5000 പൊലീസുകാര്‍; ഒരു ദിവസത്തിനപ്പുറം തങ്ങാന്‍ ആരെയും അനുവദിക്കില്ല
|ശബരിമല സന്നിധാനത്തെ പ്രതിഷേധങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ നടപടികളുമായി പൊലീസ്
ശബരിമല സന്നിധാനത്തെ പ്രതിഷേധങ്ങള്‍ തടയാന്‍ മുന്‍കരുതലുകളുമായി പൊലീസ്. ഉത്സവകാലത്ത് സന്നിധാനത്ത് 5000 പൊലീസുകാരെ വിന്യസിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസുകാരെ ആവശ്യപ്പെടാനും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും തങ്ങാന്‍ അനുവദിക്കില്ല. ഒരു ദിവസത്തിനപ്പുറം മുറികളും അനുവദിക്കേണ്ടെന്ന് പോലീസിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളെ എതിര്‍ക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡില്‍ ധാരണയായി.
തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ ഇരട്ടി മണ്ഡലകാലത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. രാവിലെ ഡിജിപി ലോക്നാഥ് ബഹ് റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കോട്ടയം,പത്തനംതിട്ടി,ഇടുക്കി എസ് പിമാരുടെയായി പൊലീസ് ആസ്ഥാനത്ത് ചര്‍ച്ച നടത്തി.സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്ത് തങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന വിലയിരുത്തല്‍ നടത്തിയ പൊലീസ് വരും കാലങ്ങളില്‍ ഇത് തടയാനാവശ്യമായ നടപടികള്‍ക്കാണ് തീരുമാനമെടുത്തത്.
ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലും 5000 പൊലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി അറിയിച്ചു. സന്നിധാനം, നിലക്കല്‍, പന്പ എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസുകാരുടെ സേവനം ആവശ്യപ്പെടാനും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. സുരക്ഷ മുന്‍നിര്‍ത്തി സന്നിധാനത്തും പരിസരത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരെ 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. മുറികള്‍ ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്തും,നിലയ്ക്കലിലെ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. വനിതാ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിരവധി നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യങ്ങള്‍ ഡി.ജി.പി സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം എടുക്കുക.
അതിനിടെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹരജി നല്‍കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യില്ലെങ്കിലും റിവ്യൂ ഹരജികളെ എതിര്‍ക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡിലും ധാരണ എത്തിയിട്ടുണ്ട്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചത്.