പ്രളയം കഴിഞ്ഞിട്ടും ദുരിതമൊഴിയാതെ കല്‍പ്പറ്റയിലെ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍
|നിലവില്‍ അസൌകര്യങ്ങളുടെ നടുവിലേക്കാണ് ദുരിതബാധിതരായ 33 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
പ്രളയം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ദുരിതമൊഴിയാതെ വയനാട് കല്‍പ്പറ്റയിലെ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. നിലവില്‍ അസൌകര്യങ്ങളുടെ നടുവിലേക്കാണ് ദുരിതബാധിതരായ 33 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. വെളളവും വെളിച്ചവുമില്ലാത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇവര്‍ക്ക് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചിലെന്നും പരാതിയുണ്ട്.
കല്‍പ്പറ്റ വില്ലേജ് ഓഫീസിന് സമീപം നാളുകളായി പൂട്ടികിടന്നിരുന്ന കാരാപ്പുഴ ക്വാട്ടേഴ്സിലേക്കാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. നാളുകളായി പൂട്ടികിടന്നിരുന്നതിനാല്‍ കെട്ടിടം ഏതാണ്ട് കാട് കയറിയ അവസ്ഥയിലാണ്. കെട്ടിടത്തിന് സമീപം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രണ്ട് മാസത്തിലധികമായി വിവിധ ക്യാന്പുകളില്‍ കഴിയുന്ന 33 പേരെയാണ് അസൌകര്യങ്ങളുടെ നടുവിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
കെട്ടിടത്തിന് അടച്ചുറപ്പുള്ള വാതിലുകളില്ലാത്തതിനാല്‍ ഏറെ ഭീതിയോടെയാണ് ഇവര്‍ അന്തിയുറങ്ങുന്നത്. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തതും പരിമിതമായ ബാത്ത് റൂം സൌകര്യങ്ങളും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അസൌകര്യങ്ങളുടെ നടുവില്‍ പൊറുതിമുട്ടുന്പോഴും ഇനി എങ്ങോട്ട് പോവുമെന്നറിയാത്ത അവസ്ഥയിലാണിവര്‍. തങ്ങളുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികളുണ്ടാവണമെന്നതാണ് ഇവരുടെ ആവശ്യം.