ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: സംസ്കാരം ഇന്ന്
|ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. ചേർത്തല പള്ളിപ്പുറം സെന്റ്മേരീസ് ഫൊറോന പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്കാര ചടങ്ങുകൾ.
ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ചേർത്തല പള്ളിപ്പുറം സെന്റ്മേരീസ് ഫൊറോന പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്കാര ചടങ്ങുകൾ. ജലന്ധർ രൂപതയിൽ നിന്നുള്ള വൈദികരും ചടങ്ങുകളിൽ പങ്കെടുക്കും.
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. തുടർന്ന് റോഡ് മാർഗ്ഗം രാത്രി 9 മണിയോടെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു. മരണ വിവരമറിഞ്ഞ് ജലന്ധറിലെത്തിയ സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കും. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റർ, മാർ ജേക്കബ് മനത്തോടത്ത് നേതൃത്വം നൽകും. ജലന്ധർ രൂപതയിൽ നിന്നുള്ള വൈദികരും ചടങ്ങിൽ പങ്കടുക്കും.
ചേർത്തല പള്ളിപ്പുറം സ്വദേശിയായ വൈദികനെ കഴിഞ്ഞ ദിവസമാണ് ജലന്ധറിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്കും, ജലന്ധർ പോലീസിനും,കേരള പോലീസിനും പരാതി നൽകിയിട്ടുണ്ട്.