ഹരജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി
|അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാന്‍ സുരേന്ദ്രനോട് കോടതി നിര്‍ദേശിച്ചത്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കെ.സുരേന്ദ്രൻ ഹൈകോടതിയെ അറിയിച്ചു. പി.ബി അബ്ദുൾ റസാഖ് എം.എല്‍.എ മരിച്ച സാഹചര്യതിൽ തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്നു ഹൈക്കോടതി ആരാഞ്ഞപ്പോഴായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്റെ മറുപടി. അബ്ദുൽ റസാഖിന്റെ മരണം സംബന്ധിച്ച മെമ്മോ ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
പി.ബി അബ്ദുൾ റസാഖ് എം.എല്‍.എ മരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് നിര്‍ണായകമാണ് കെ. സുരേന്ദ്രന്റെ തീരുമാനം. മരിച്ചവരും വിദേശത്തുള്ളവരുമായ 259പേരുടെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹരജിയില്‍ ആരോപിക്കുന്നത്. അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഹരജി പിന്‍വലിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.
ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്‍. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിലാണ് സുരേന്ദ്രന്റെ ഹരജി അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും. ഹരജി പിന്‍വലിക്കുന്നത് സംബന്ധിച്ച് കെ.സുരേന്ദ്രനുമായി ആലോചിച്ച് പാര്‍ട്ടി നയം തീരുമാനിക്കുമെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.