രാഹുല്‍ ഈശ്വറിനെതിരെ കര്‍ശന നടപടിയെന്ന് കടകംപള്ളി സുരേന്ദ്രന്
|ശബരിമലയിൽ യുവതി പ്രവേശമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ ഉണ്ടായിരുന്നുവെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞത്.
ശബരിമലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുക വഴി രാജ്യദ്രോഹ കുറ്റമാണ് രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചത് . അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് രാഹുലിന്റെ പ്രസ്താവന. വഞ്ചിക്കപ്പെട്ട വിശ്വാസി സമൂഹത്തിന് വേണ്ടി ഗൂഢാലോചന പുറത്ത് കൊണ്ടുവരും. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
എന്നാല്‍ രക്തം വീഴ്ത്തി പ്രതിഷേധിക്കാന്‍ നിന്ന അയ്യപ്പ ഭക്തരെ താന്‍ പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതിന്റെ പേരിലാണ് തന്റെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചു. രാഹുൽ ഈശ്വർ കൈ മുറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന് പിളള പറഞ്ഞു.
ശബരിമലയിൽ യുവതി പ്രവേശമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ ഉണ്ടായിരുന്നുവെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞത്. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ രാഹുൽ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തൽ. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.