ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്
|അറസ്റ്റ് ചെയ്തവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന അക്രമസംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, കോട്ടയം, പത്തനംതിട്ട , കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായത്. കോട്ടയത്ത് അറസ്റ്റ് ചെയ്ത 79 പേരില്‍ പതിനൊന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇതു വരെ 150 ഓളം പേര് അറസ്റ്റിലായിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോഴാണ് സ്ത്രീ പ്രവേശന വിധിക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രതിഷേധവും വ്യാപക അക്രമങ്ങളും അരങ്ങേറിയത്. ഇതില്‍ പങ്കാളികളായവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു . ഇതിന് പിന്നാലെയാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അറസ്റ്റ് ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ എട്ട് സ്റ്റേഷനുകളിലായി 31 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് 79 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അക്രമികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു.
പൊലീസ് ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള ആരോപിച്ചു. തൃപ്പൂണിത്തുറ, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തവരെ പൊലീസ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് അറസ്റ്റിലായവരെ സ്വന്തം ജാമ്യത്തില്‍ തന്നെ വിട്ടയച്ചിട്ടുണ്ട്. പിടിയിലായ 13 പേരെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ഇന്ന് വൈകിട്ട് ഹാജരാക്കും.