Kerala
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് 
Kerala

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് 

Web Desk
|
26 Oct 2018 2:14 AM GMT

ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പ്രതിഷേധങ്ങളും ചര്‍ച്ചയാകും: പി.കെ ശശി എം.എല്‍.എ ഇന്ന് സി.പി.എമ്മിന്റെ പൊതു പരിപാടിയില്‍ പങ്കെടുക്കും.

ശബരിമല വിവാദം കത്തിനിൽക്കെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾ സർക്കാർ സ്വീകരിച്ച നടപടികളും യോഗത്തിൽ ചർച്ച ആയേക്കും. പി.കെ ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന കമ്മീഷന്റെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തിയേക്കും.

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികപീഡനപരാതിയില്‍ ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ ഇന്ന് സി.പി.എമ്മിന്റെ പൊതു പരിപാടിയില്‍ പങ്കെടുക്കും. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേരുന്നവര്‍ക്കുള്ള സ്വീകരണ പരിപാടിയിലാണ് പി.കെ ശശി പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ശശിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന എ.കെ ബാലനാണ്.

ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ശശിയെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാക്കാന്‍ നേതൃത്വം തന്നെ ഇടപെട്ട് തീരുമാനമെടുത്തിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിലും സി.പി.എം പ്രചാരണ ജാഥയുടെ ആലോചനായോഗത്തിലും പി.കെ ശശി പങ്കെടുത്തു.

ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് തച്ചമ്പാറയില്‍ സി.പി.ഐ വിട്ടുവരുന്നവര്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ എ.കെ ബാലനും പി.കെ ശശിയും ഒരുമിച്ചു പങ്കെടുക്കുന്നത്. ഈ പരിപാടിയില്‍ രണ്ടു പേരും പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകളും നേരത്തെ തന്നെ സി.പി.എം പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും തീരുമാനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നിലവില്‍ സി.പി.എം നേതൃത്വത്തിന്റെ ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമനുസരിച്ച് ശബരിമല വിഷയത്തില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നടത്തുന്ന പ്രചാരണ ജാഥയ്ക്കും ശശി നേതൃത്വം നല്‍കും.

Related Tags :
Similar Posts