Kerala
നിഷാദിന്റെ തിരോധാനം; കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന് കുടുംബാംഗങ്ങള്‍
Kerala

നിഷാദിന്റെ തിരോധാനം; കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന് കുടുംബാംഗങ്ങള്‍

Web Desk
|
26 Oct 2018 2:10 AM GMT

നിഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുള്‍ സലീം മൊഴി നല്കിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ ആവശ്യം

കണ്ണൂര്‍ മമ്പറം പറമ്പായി സ്വദേശി പി.നിഷാദിന്റെ തിരോധാനം സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍. നിഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുള്‍ സലീം മൊഴി നല്കിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ ആവശ്യം.

2012 ഒക്ടോബര്‍ 21ന് രാത്രിയാണ് സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നിഷാദിനെ കാണാതായത്.ബന്ധുക്കളുടെ പരാതിയില്‍ ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും നിഷാദിനെ കണ്ടെത്താനായില്ല.അതിനിടയിലാണ് ബംഗളൂരു സ്ഫോടന കേസുമായി ബന്ധമുണ്ടന്നാരോപിച്ച് പ്രദേശ വാസിയായ അബ്ദുള്‍ സലീമിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നിഷാദിന്റെ തിരോധാനം സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.

അബ്ദുള്‍ സലീമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

Related Tags :
Similar Posts