Kerala
കരാറുകാരന്റെ പിടിവാശിയില്‍ ചത്തൊടുങ്ങിയത് ലക്ഷക്കണക്കിന് രൂപ വില വരുന്ന അപൂര്‍വ്വ ഇനം മത്സ്യങ്ങള്‍
Kerala

കരാറുകാരന്റെ പിടിവാശിയില്‍ ചത്തൊടുങ്ങിയത് ലക്ഷക്കണക്കിന് രൂപ വില വരുന്ന അപൂര്‍വ്വ ഇനം മത്സ്യങ്ങള്‍

Web Desk
|
26 Oct 2018 2:11 AM GMT

ആശ്രമം മൈതാനിയിൽ നടന്ന ഒഷ്യാനസ്‌ അണ്ടർ വാട്ടർ എക്സ്പോയിലെ മത്സ്യങ്ങളാണ് കരാറുകാരന്‍ ജനറേറ്റര്‍ സംവിധാനം റദ്ദ് ചെയ്തതോടെ ചത്തൊടുങ്ങിയത്.

കൊല്ലത്ത് ജനറേറ്റര്‍ കരാറുകാരന്റെ പിടിവാശിയില്‍ ചത്തൊടുങ്ങിയത് ലക്ഷക്കണക്കിന് രൂപ വില വരുന്ന അപൂര്‍വ്വ ഇനം മത്സ്യങ്ങള്‍. ആശ്രമം മൈതാനിയിൽ നടന്ന ഓഷ്യാനസ്‌ അണ്ടർ വാട്ടർ എക്സ്പോയിലെ മത്സ്യങ്ങളാണ് കരാറുകാരന്‍ ജനറേറ്റര്‍ സംവിധാനം റദ്ദ് ചെയ്തതോടെ ചത്തൊടുങ്ങിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി സമ്പാദിച്ച ശേഷമാണ് ജനറേറ്റര്‍ സംവിധാനം റദ്ദ് ചെയ്തതെന്ന് എക്സ്പോ നടത്തിപ്പുകാര്‍ ആരോപിച്ചു.

കൊല്ലം ആശ്രാമം മൈതാനിയിൽ ഒരു മാസം നീണ്ട് നിന്ന ഓഷ്യാനസ് എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. വൈദ്യുതി കരാറുകാരനും പ്രദര്‍ശനം നടത്തിപ്പിക്കാരും തമ്മിലുള്ള തർക്കമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയത്. കരാറുകാരന്‍ ബില്ലുകള്‍ സമര്‍പ്പിക്കാതെ ബാക്കി തുക നല്‍കാന്‍ കഴിയില്ലെന്ന് നടത്തിപ്പുകാര്‍ അറിയച്ചതോടെ മത്സ്യങ്ങളെ മാറ്റുന്നത് തടഞ്ഞ് കൊണ്ട് കരാറുകാരന്‍ കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കുകയും ജനറേറ്റര്‍ സംവിധാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു. ഇതോടെ ഫില്‍ട്ടറേഷന്‍ സംവിധാനം മുടങ്ങുകയും അപൂർവ്വ ഇനം മത്സ്യങ്ങളടക്കം ചത്ത് പൊങ്ങുകയും ചെയ്തു.

ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമാണ് നടത്തിപ്പുകാർക്ക് ഉണ്ടായിരിക്കുന്നത്. കരാറുകാരനെതിരെ എക്സ്പോ സംഘടിപ്പിച്ച നീൽ എന്റർടെയ്മെന്റ് കമ്പനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

Similar Posts