Kerala
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്: ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു
Kerala

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്: ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു

Web Desk
|
28 Oct 2018 3:58 AM GMT

ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം വിട്ടയച്ചു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ വലിയവിള സ്വദേശി മോഹനനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം ഇയാളെ പിന്നീട് വിട്ടയച്ചു. സമീപ പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുകയാണ്.

ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മോഹനൻ. സന്ദീപാനന്ദഗിരിയുമായ പിണങ്ങി കഴിഞ്ഞ ദിവസമാണ് ജോലി ഉപേക്ഷിച്ചത്. ഇക്കാര്യം സന്ദീപാനന്ദഗിരി അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിൽ മോഹനനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ആശ്രമത്തിലെ സി.സി.ടി.വി ദിവസങ്ങളായി പ്രവർത്തന രഹിതമാണ്. അതിനാൽ തൊട്ടടുത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യത്തിൽ കണ്ടയാൾക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ഇയാൾ സംഭവസമയത്ത് അഗ്നിശമനസേനക്ക് വഴികാട്ടിയതായിരുന്നു.

സമീപ പ്രദേശത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനകളുടെ ഫലം ലഭിച്ചിട്ടില്ല. ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം അന്വേഷണത്തിന് സഹായകരമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അന്വഷണ പുരോഗതി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. കന്റോൺമെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണമാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്.

Related Tags :
Similar Posts