രാഷ്ട്രീയമാറ്റം പ്രകടമാക്കി ശിവഗിരി
|ഏറെ നാളായി അകലെയായിരുന്ന എസ്.എന്‍.ഡി.പിയുമായി ഒരുമിച്ച് മുന്നേറുമെന്ന പ്രഖ്യാപനം കൂടി സമ്മേളനത്തില്‍ നടന്നു
ശിവഗിരിയുടെ രാഷ്ട്രീയമാറ്റം പ്രകടമാക്കി ഗുരു സമാധി നവതി ആഘോഷം. ഏറെ നാളായി അകലെയായിരുന്ന എസ്.എന്‍.ഡി.പിയുമായി ഒരുമിച്ച് മുന്നേറുമെന്ന പ്രഖ്യാപനം കൂടി സമ്മേളനത്തില്‍ നടന്നു. രണ്ട് വിഭാഗത്തിനെയും കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചത് ബി.ജെ.പിയാണെന്നാണ് വിലയിരുത്തല്‍.
ശിവഗിരി തീര്‍ഥാടന സമ്മേളനം ഉള്‍പ്പെടെ പ്രധാന വേദികളിലൊന്നും കഴിഞ്ഞ സമ്മേളനകാലം വരെ എസ്.എന്‍.ഡി.പി നേതാക്കള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. വിശുദ്ധാനന്ദ പ്രസിഡന്‍റായി പുതിയ ഭരണ സമിതി വന്നതിന് ശേഷമാണ് എസ്.എന്‍.ഡി.പി നേതാക്കളെ ശിവഗിരിയിലേക്ക് വിളിക്കുന്നത്. ശ്രീനാരായണഗുരുവിന്‍റെ മരണാന്തര ചടങ്ങുകള്‍ നടത്തുന്ന യതി പൂജ സമ്മേളനം എസ്.എന്‍.ഡി.പി.യുടെയും ശിവഗിരിമഠത്തിന്‍റെ സംയുക്ത ആഭിമുഖ്യത്തിലാണ് നടക്കുന്നത്. ഐക്യ പ്രഖ്യാപനവും രണ്ടു വിഭാഗവും നടത്തുന്നുണ്ട്.
ശിവഗിരി എസ്.എന്‍.ഡി.പി ഐക്യ ശ്രമങ്ങള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളി മുഖേന ചുക്കാന്‍ പിടിച്ചത് ബി.ജെ.പി ആണെന്നാണ് വിലയിരുത്തല്‍. ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് ഉള്‍പ്പെടെ ശിവഗിരിയുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ അംഗീകരിച്ച അമിത് ഷാ ബി.ജെ.പിയുടെ ലക്ഷ്യം വ്യക്തമാക്കുകയും ചെയ്തു. ബി.ജെ.പി യുടെ കുടക്കീഴിലുള്ള പുതിയ നീക്കങ്ങള്‍ക്ക് ശിവഗിരിയിലെ ഒരു വിഭാഗം സന്യാസിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് സൂചന.