ശബരിമല സ്ത്രീ പ്രവേശനം; വ്യത്യസ്ത പ്രതിഷേധവുമായി പെരുനാട്ടിലെ നാട്ടുകാര്‍, വെട്ടിലായത് പാര്‍ട്ടികള്‍
|മാടമണിലെ വീടുകളിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍. എന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ചോദിച്ച് വരരുത്, കടക്ക് പുറത്ത് എന്ന് പറയാന്‍ താല്‍പര്യമില്ല
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ പുരോഗമിക്കുന്നതിനിടെ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട പെരുനാട് പഞ്ചായത്തില്‍ വ്യത്യസ്തമായ പ്രതിഷേധം. വിശ്വാസത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും വോട്ട് ചോദിച്ച് വരരുതെന്ന് വീടുകളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
പെരുനാട് പഞ്ചായത്തിലെ മാടമണ്‍ പ്രദേശത്തെ വീടുകളിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ചോദിച്ച് വരരുത്, കടക്ക് പുറത്ത് എന്ന് പറയാന്‍ താല്‍പര്യമില്ല എന്ന് ഫ്ലക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ ഒരു സംഘടനയുടെയും പേര് ബോര്‍ഡില്‍ പരാമര്‍ശിച്ചിട്ടില്ല.
ശബരിമല സ്ഥിതിചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ മണ്ഡല മകരവിളക്ക് കാലങ്ങളില്‍ ഇവിടെ നാനാജാതി മതസ്ഥരും വ്രതമനുഷ്ടിക്കുകയും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാറുമുണ്ട്. യുവതി പ്രവേശ വിഷയത്തില്‍ പെരുനാട്ടില്‍ നിരവധി പ്രതിഷേധ പരിപാടികളും നാമജപ യജ്ഞങ്ങളും ഇതിനോടകം നടന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വീടുകളില്‍ ഇതേപോലുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.