Kerala
ഇനി എറണാകുളത്ത് റോഡുകള്‍ പൊളിക്കാന്‍ അനുമതി നല്‍കില്ലെന്ന് കലക്ടര്‍
Kerala

ഇനി എറണാകുളത്ത് റോഡുകള്‍ പൊളിക്കാന്‍ അനുമതി നല്‍കില്ലെന്ന് കലക്ടര്‍

Web Desk
|
28 Oct 2018 9:16 AM GMT

എറണാകുളം ജില്ലാ വികസനസമിതി യോഗത്തിലാണ് റോഡ് പൊളിക്കാൻ അനുമതി നൽകില്ലെന്ന കാര്യം കലക്ടർ അറിയിച്ചത്. 

എറണാകുളം ജില്ലയിലെ റോഡുകൾ പൊളിക്കാന്‍ ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍. പൈപ്പ് ലൈനുകളും കേബിളുകളും മറ്റും സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. എന്നിവയ്ക്ക് റോഡ് വെട്ടിപ്പൊളിയ്ക്കാനുള്ള അനുമതി ഇനിമുതല്‍ നല്‍കില്ലെന്നാണ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടത്.

എറണാകുളം ജില്ലാ വികസനസമിതി യോഗത്തിലാണ് റോഡ് പൊളിക്കാൻ അനുമതി നൽകില്ലെന്ന കാര്യം കലക്ടർ അറിയിച്ചത്. ഇനി മുതൽ അതാത് വകുപ്പുകള്‍ പൊതുമരാമത്ത് സെക്രട്ടറി മുഖാന്തിരം സര്‍ക്കാര്‍ തലത്തില്‍ അനുമതി നേടണം. റോഡ് പൊളിക്കുന്ന വകുപ്പുകളോ, അനുമതി വാങ്ങിയല്ല പൊളിച്ചത് എന്ന കാരണത്താല്‍ പൊതുമരാമത്ത് വകുപ്പോ റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാറില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം.

ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരമാവധി വേഗത്തില്‍ പരിഹരിക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ജില്ലയിലെ റോഡിന്റെ ശോചനീയാവസ്ഥ സംബസിച്ച് ഹൈക്കോടതിയും സർക്കാരിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.

Related Tags :
Similar Posts