ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രമല്ലേയെന്ന് ഹൈക്കോടതി
|ശബരിമലസന്നിധാനം വാവര്സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടം കൂടിയാണെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥരായ വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രമല്ലേയെന്ന് ഹൈക്കോടതി. വിശ്വാസികളെ മാത്രമേ ക്ഷേത്രത്തിലേക്ക് അനുവദിക്കാവൂ എന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. സംഘ്പരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസാണ് ഹരജിക്കാരന്. ഹരജി സംസ്ഥാനത്തിന്റെ മതസൗഹാർദത്തെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
മുമ്പെങ്ങും ആരും ഇത്തരം ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല. ഇതിന് പിന്നില്‍ സംസ്ഥാനത്തിന്റെ മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമില്ലേയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമല സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടം കൂടിയാണെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥരായ വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണെന്നും കോടതി പറഞ്ഞു.
ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ഹരജിയും നാളെ പരിഗണിക്കാനായി മാറ്റി.