Kerala
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം റദ്ദാക്കിയതോടെ 550 വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍
Kerala

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം റദ്ദാക്കിയതോടെ 550 വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍

Web Desk
|
29 Oct 2018 12:53 PM GMT

അടിസ്ഥാന സൌകര്യങ്ങളില്ലാത്ത കോളജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് മുതല്‍ തുടങ്ങുന്ന വീഴ്ചകള്‍ കോടതി വഴി മറികടക്കുന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ പതിവ് തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.

നാല് സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതോടെ 550 വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍. അടിസ്ഥാന സൌകര്യമില്ലെങ്കിലും താല്ക്കാലിക കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന കോളജുകള്‍ക്കുള്ള മുന്നറിയിപ്പാണ് കോടതി വിധി. സുപ്രീം കോടതി വിധി അംഗീകരിക്കലല്ലാതെ സംസ്ഥാന സര്‍ക്കാരിന് മുന്നിലും മറ്റു വഴികളില്ല.

നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളും ഹൈക്കോടതിയില്‍ നിന്ന് നേടിയ അനുകൂല വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്. നാലിടത്തും അടിസ്ഥാന സൌകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൌണ്‍സില്‍ വാദം അംഗീകരിച്ചാണ് കോടതി വിധി. മെഡിക്കല്‍ കൌണ്‍സില്‍ ഈ നാലു കോളജുകള്‍ക്കും നേരത്തെയും അനുമതി നല്‍കിയിരുന്നില്ല. ഹൈക്കോടതി വിധിയിലൂടെയാണ് ഇത് മറികടന്നത്. പ്രവേശനം നേരത്തെ സ്റ്റേ ചെയ്തപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മറ്റു കോഴ്സുകളിലേക്ക് പോകാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനാല്‍ തങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

എന്നാല്‍ മറ്റു കോഴ്സുകളിലേക്ക് മാറാത്ത വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് പഠിക്കാന്‍ ഇനി അവസരം ലഭിക്കില്ല. അവര്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുകയും ചെയ്യും. അടിസ്ഥാന സൌകര്യമില്ലാത്ത കോളജുകള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് കോടതി വിധി. കഴിഞ്ഞ വര്‍ഷവും സമാനമായ പ്രശ്നങ്ങളാണ് ഈ 4 മെഡിക്കല്‍ കോളജുകളും നേരിട്ടത്. പ്രവേശനം പൂര്‍ത്തിയായി പഠനം തുടങ്ങിയത് പരിഗണിച്ച് അന്ന് സുപ്രിം കോടതി ഇളവ് നല്‍കി. ഇതേ ആനുകൂല്യം ഇക്കൊല്ലവും കിട്ടുമെന്ന മാനേജ്മെന്റുകളുടെ കണക്കുകൂട്ടല്‍ കോടതിയില്‍ പിഴച്ചു. അടിസ്ഥാന സൌകര്യങ്ങളില്ലാത്ത കോളജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് മുതല്‍ തുടങ്ങുന്ന വീഴ്ചകള്‍ കോടതി വഴി മറികടക്കുന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ പതിവ് തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.

Similar Posts